ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ലിവർപൂളിന്റെ ഓഹരികൾ സ്വന്തമാക്കുന്നതിനായി ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് ബ്രിട്ടീഷ്-ഇന്ത്യൻ ശതകോടീശ്വരനൊപ്പം കൈകോർക്കുന്നു. ഫെയ്സ്ബുക് സഹസ്ഥാപകൻ എഡ്വോർഡോ സാവറിനും അമിത് ഭാട്ടിയ നയിക്കുന്ന കൺസോർഷ്യത്തിലുണ്ട്.
ടീമിന്റെ 30% ഓഹരികളാണ് ഈ കൺസോർഷ്യം വാങ്ങുന്നതെന്ന് ലിവർപൂളിന്റെ ഉടമസ്ഥരായ യുഎസിലെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്എസ്ജി) സ്ഥിരീകരിച്ചു. ലിവർപൂളിന് റെക്കോർഡ് 600 കോടി ഡോളർ (ഏകദേശം 57,500 കോടി രൂപ) മൂല്യം വിലയിരുത്തിയാണ് ഈ നിർണായക ഡീൽ ഉറപ്പിച്ചിരിക്കുന്നത്.
സ്റ്റീൽ വ്യവസായരംഗത്തെ ഭീമനായ ആഴ്സലർ മിത്തൽ കമ്പനി ചെയർമാൻ ലക്ഷ്മി മിത്തലിന്റെ മരുമകനാണ് അമിത് ഭാട്ടിയ. ലക്ഷ്മി മിത്തലിന്റെ മകൾ വനിഷ മിത്തലാണ് ഭാര്യ.
കൂടാതെ, ടെക്നോളജി, മാധ്യമം, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനമായ എയ്ബി ക്യാപിറ്റലിന്റെ മേധാവിയുമാണ് അദ്ദേഹം. ഇംഗ്ലണ്ടിലെ രണ്ടാംനിര ഫുട്ബോൾ ലീഗ് ടീമായ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ അമിത് ഭാട്ടിയയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും, ലിവർപൂൾ ഓഹരികൾ വാങ്ങുംമുൻപ് അദ്ദേഹം കഴിഞ്ഞമാസം ഈ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നു.
ആമസോണിന്റെ സിഇഒ പദവി 2021-ലാണ് ബെസോസ് ഒഴിഞ്ഞത്. നിലവിൽ അദ്ദേഹം എക്സിക്യൂട്ടീവ് ചെയർമാനാണ്.
വാഷിങ്ടൺ പോസ്റ്റ്, വിമാനക്കമ്പനിയായ ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികളിലും ബെസോസിന് ഓഹരി പങ്കാളിത്തമുണ്ട്. 2021ൽ ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടം ബെസോസ് ചൂടിയിരുന്നുവെങ്കിലും പിന്നീട് ആ സ്ഥാനം ടെസ്ല മേധാവി ഇലോൺ മസ്ക് പിടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ലിവർപൂൾ, 6 തവണ യുവേഫ ചാംപ്യന്മാരായിട്ടുണ്ട്. ഇപിഎൽ കിരീടം 20 തവണ ചൂടിയത് ചരിത്രപരമായ റെക്കോർഡാണ്.
മുൻവർഷത്തെ 613 മില്യൻ പൗണ്ടിൽ നിന്ന് ക്ലബിന്റെ വരുമാനം 2024-25ൽ 700 മില്യൻ കടന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിനെ കഴിഞ്ഞ മേയിലാണ് മിത്തൽ കുടുംബം 15,600 കോടി രൂപയ്ക്ക് ഏറ്റെടുത്തത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനാവാലയുമായി ചേർന്നായിരുന്നു ഈ ഏറ്റെടുക്കൽ. മിത്തൽ കുടുംബത്തിന് 75 ശതമാനവും അദാർ പൂനാവാലയ്ക്ക് 18 ശതമാനവുമാണ് ഓഹരി പങ്കാളിത്തമുള്ളത്.
രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്ക് പുറമേ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിക്കുന്ന പാൽ റോയൽസും കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസും ഈ ഏറ്റെടുക്കലിന്റെ ഭാഗമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

