സംസ്ഥാനത്ത് തൃപ്പൂണിത്തുറ മിനി ബൈപാസിനു സമീപമുള്ള കുടുംബങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നു. പൈപ്പ് തുറന്നാൽ ശുദ്ധജലത്തിനു പകരം ദുർഗന്ധം വമിക്കുന്ന അഴുക്കുവെള്ളമാണ് പുറത്തേക്ക് വരുന്നത്.
ജല അതോറിറ്റിയുടെ പൈപ്പിലൂടെ കറുത്ത നിറമുള്ള മാലിന്യം കലർന്ന വെള്ളമെത്തിയതോടെ കുടിക്കാനോ കുളിക്കാനോ പോയിട്ടു ശുചിമുറിയിൽ പോലും പോകാൻ പറ്റാത്ത ദുരവസ്ഥയിലാണ് ഇവിടെയുള്ളവർ. മിനി ബൈപാസിന് സമീപമുള്ള തോട്ടിലൂടെ കടന്നു പോകുന്ന ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പിൽ ചെറിയ പൊട്ടൽ ഉണ്ടായതു മൂലമാണ് മലിനജലം വീടുകളിലേക്ക് എത്തുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.
വീടുകളിലെ ടാങ്കുകൾ കഴുകി ശുചിയാക്കിയ ശേഷം വീണ്ടും വെള്ളം നിറച്ചെങ്കിലും കറുത്ത നിറമുള്ള വെള്ളമാണു വീണ്ടും ടാങ്കിലേക്ക് ഒഴുകിയെത്തുന്നത്. മലിനജലം ഉപയോഗിച്ചവർക്കു ശരീരത്തിൽ കടുത്ത ചൊറിച്ചിലും മറ്റു ചർമ പ്രശ്നങ്ങളും ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
പരിസരത്ത് കിണറുകൾ ഒന്നുമില്ലാത്തതിനാൽ കുടിക്കാനും കുളിക്കാനും മറ്റു ഗാർഹിക ആവശ്യങ്ങൾക്കും ഇവിടത്തുകാർ പൂർണ്ണമായും ജല അതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കുറച്ചുനാൾ മുൻപ് തോട്ടിലെ മണ്ണ് മാറ്റാനായി യന്ത്രങ്ങൾ ഉപയോഗിച്ചപ്പോൾ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
തോടുകളിൽ വേലിയേറ്റ സമയത്ത് വെള്ളം ഉയരുമ്പോൾ തോട്ടിലെ അഴുക്കുവെള്ളവും മാലിന്യങ്ങളും ഈ ചോർച്ചയിലൂടെ പൈപ്പിനുള്ളിലേക്കു കയറുന്നതാണ് ശുദ്ധജലം മലിനമാകാൻ കാരണം. സ്ഥലം കൗൺസിലർ കൂടിയായ നഗരസഭാ ഉപാധ്യക്ഷ രാധിക വർമ ഇടപെട്ടു താൽക്കാലിക ആശ്വാസമായി ടാങ്കർ ലോറിയിൽ ശുദ്ധജലം എത്തിച്ചു നൽകുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
തോട്ടിലൂടെ കടന്നുപോകുന്ന പഴയ പിവിസി പൈപ്പുകൾ പൂർണമായും മാറ്റി സുരക്ഷിതമായ പുതിയ ലൈൻ സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് ജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

