അമൃത സർവകലാശാല നടപ്പാക്കുന്ന ഗവേഷണ പദ്ധതികൾ ഏറെ മാതൃകാപരമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. വിശ്വസേവാദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരി ക്യാംപസിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രദർശന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തഭൂമിയിൽ അമൃത നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും സഹകരിക്കാവുന്ന മേഖലകളിലെല്ലാം പൊലീസ് സഹകരണം ഉറപ്പാക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സർവകലാശാല നടപ്പാക്കുന്ന പദ്ധതികളും ഗവേഷക വിദ്യാർഥികളുടെ കണ്ടെത്തലുകളും സംയോജിപ്പിച്ചാണ് പ്രദർശന മേള ഒരുക്കിയിട്ടുള്ളത്.
കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ മുൻകൂടി അറിയുന്നതിനുള്ള സംവിധാനങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കി വനാതിർത്തിയിൽ താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ മേളയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിക്കുന്ന വിധവും പ്രദർശനത്തിൽ വിശദീകരിക്കുന്നുണ്ട്.
സർവകലാശാലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 89 സ്റ്റാളുകളിലായാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

