തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്കായി വിദേശയാത്ര നടത്താൻ സുപ്രീംകോടതി അനുമതി നൽകി. പശ്ചിമ ബംഗാൾ സർക്കാരിൻ്റെ എതിർപ്പുകൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ഓരോ വ്യക്തിക്കും സ്വന്തം താല്പര്യപ്രകാരം വിദേശത്തേക്ക് പോകാനും ചികിത്സ തിരഞ്ഞെടുക്കാനും മൗലികമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.
ചികിത്സാ ആവശ്യങ്ങൾക്കായി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് തിരിക്കുന്നതിന് മറ്റ് ഗുരുതരമായ നിയമതടസ്സങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി, ചില ഉപാധികളോടെയാണ് യാത്രയ്ക്ക് അനുവാദം നൽകിയിട്ടുള്ളത്. കൂടാതെ, തൻ്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ അഭിഷേക് ബാനർജിക്ക് പൂർണ്ണ അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിൽ ലഭ്യമാക്കാതിരിക്കുക എന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ എസ് വി രാജു, അഭിഷേക് ബാനർജിക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ടെന്നും, അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ വരാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിഭാഗം ഉന്നയിച്ച കേസുകൾ അത്രകണ്ട് ഗൗരവ സ്വഭാവമുള്ളതല്ലെന്ന് വിലയിരുത്തിയ കോടതി, മുൻകാലങ്ങളിൽ ഇതിലും ഗുരുതരമായ കേസുകൾ നിലവിലുള്ളപ്പോൾ പോലും പലർക്കും വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം ഓർമ്മിപ്പിച്ചു.
യാത്രയുമായി ബന്ധപ്പെട്ട് കർശനമായ ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. വിമാന യാത്രാ വിവരങ്ങൾ, വിദേശത്തെ താമസസ്ഥലം, ചികിത്സ ലഭ്യമാക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും പൂർണ്ണ വിവരങ്ങൾ എന്നിവ കോടതിയിൽ സമർപ്പിക്കണമെന്ന് അഭിഷേക് ബാനർജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അഭിഷേക് ബാനർജി നടത്തിയ ചില വിവാദ പരാമർശങ്ങളുടെ പേരിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് മുൻപ് കൊൽക്കത്ത ഹൈക്കോടതി അദ്ദേഹത്തിന് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിരുന്നു.
ഇന്ത്യയിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരിക്കെ, 40 വയസ്സുകാരനായ അഭിഷേക് ബാനർജി വിദേശത്ത് പോയി ചികിത്സ തേടേണ്ട യാതൊരു സാഹചര്യവുമില്ലെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
എന്നാൽ വിദേശയാത്രയ്ക്ക് അനുമതി നൽകിയാൽ അദ്ദേഹം രാജ്യം വിട്ടുപോകുമെന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

