കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതിൽ വൻ ക്രമക്കേടുകൾ നടന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. യാതൊരുവിധ സ്ഥിരീകരണവുമില്ലാതെ ലൈഫ് മിഷനിൽ നിന്നാണ് 2.48 കോടി രൂപ ടിഡിഎൽസിക്ക് കൈമാറിയത്.
ഫയൽ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് അന്നത്തെ ജിസിഡിഎ ചെയർമാൻ വി. സലീം പ്രത്യേക നിർദ്ദേശം നൽകിയതായി രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ ഫയൽ നീക്കം ചെയ്യപ്പെട്ടതിനാൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് ജിസിഡിഎ നോട്ടിൽ ഓഡിറ്റിംഗ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇ-പെയ്മെന്റ് രീതി ഒഴിവാക്കി അന്ന് തന്നെ തിടുക്കപ്പെട്ട് ചെക്കായാണ് ഇത്രയും വലിയ തുക നൽകിയതെന്നും രേഖകളിൽ പറയുന്നു.
കരാർ കമ്പനിയായ ടിഡിഎൽസിക്ക് പണം അനുവദിക്കുന്നതിനും ഫയലുകൾ അതിവേഗം നീക്കുന്നതിനും ചെയർമാൻ കാണിച്ച അടിയന്തര താല്പര്യം ദുരൂഹത ഉണർത്തുന്നതാണ്. മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിനായി ടിഡിഎൽസിക്ക് കരാർ നൽകിയ ഘട്ടത്തിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായി നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ലൈഫ് പദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയിൽ ഫ്ളാറ്റ് നിർമിക്കുന്നതിനുള്ള പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായിട്ടാണ് ആദ്യം ഈ സ്ഥാപനത്തെ നിയമിച്ചത്. എന്നാൽ പിന്നീട് ഇതേ കമ്പനിക്ക് തന്നെ ഫ്ളാറ്റിന്റെ നിർമാണ കരാറും കൈമാറുകയായിരുന്നു.
നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ചുമതലയുള്ള പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്ക് തന്നെ നിർമാണ ചുമതല കൂടി നൽകിയത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് പ്രധാന ആക്ഷേപം.
കൊച്ചി മുണ്ടംവേലിയിൽ നിർമിച്ച പി ആൻഡ് ടി ഫ്ളാറ്റുകളാണ് കടുത്ത ചോർച്ചയും വിവിധ തകരാറുകളും കാരണം പിന്നീട് താമസയോഗ്യമല്ലാതായി മാറിയത്. ഗുണഭോക്താക്കൾ ഫ്ലാറ്റിൽ താമസം ആരംഭിച്ച് ഏതാനും മാസങ്ങൾക്കകം തന്നെ ചോർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇത് താമസക്കാരുടെ ജീവിതം കടിയ ദുരിതത്തിലാക്കി. ഈ പശ്ചാത്തലത്തിൽ, മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

