തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള നെയ്യാറ്റിൻകര ഗ്രൂപ്പിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ, വെള്ളി ഉരുപ്പടികളിൽ വലിയ തോതിലുള്ള കുറവ് കണ്ടെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ, നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദേശം നൽകി.
ക്ഷേത്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളും മുൻപ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച പട്ടികയും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് ഗുരുതരമായ ഈ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പ്രധാന ക്ഷേത്രങ്ങളിലെ കണ്ടെത്തലുകൾ
വീരണകാവ് ക്ഷേത്രത്തിലെ വെള്ളി താമരപ്പൂവ്, പെരുംകളത്തൂർ ദേവസ്വത്തിലെ വെള്ളിത്തട്ടം, മങ്കാരമുട്ടം ദേവസ്വത്തിലെ വെള്ളി തൃക്കണ്ണ്, തിരുമുക്ക്, ചന്ദ്രക്കല എന്നിവയുടെ കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
കൂടാതെ അരങ്ങൽ, അരുവല്ലൂർ എന്നീ ക്ഷേത്രങ്ങളിലെ മുദ്രപ്പൊതി, മുഖാഭരണം എന്നിവയുടെ കണക്കുകളിലും അവ്യക്തതയുണ്ട്. ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് നെയ്യാറ്റിൻകര ദേവസ്വത്തിലാണ്.
ഇവിടുത്തെ സ്വർണക്കാൽ അടക്കമുള്ള നൂറുകണക്കിന് ഉരുപ്പടികളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കത്തിൽ കർശനമായി ആവശ്യപ്പെടുന്നു. അവ്യക്തത തുടരുന്ന മറ്റ് ക്ഷേത്രങ്ങൾ
കൂട്ടപ്പന ദേവസ്വത്തിലെ വീരചക്രം, ഇരട്ടകൺമലർ, വെങ്ങാനൂർ ദേവസ്വത്തിലെ 16 ഗ്രാമിന്റെ സ്വർണമാല, കേളേശ്വരം ദേവസ്വത്തിലെ സ്വർണ ഗോപി, പാറശാല ദേവസ്വത്തിലെ സ്വർണക്കട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികൾ, ചന്ദ്രക്കല, സ്വർണ ചെയിൻ എന്നിവയുടെ കണക്കുകൾ ഒത്തുപോകുന്നില്ല.
ഇതോടൊപ്പം ചെഴുങ്ങാനൂർ, തിരുനാരായണപുരം, ദേവേശ്വരം, തൃക്കണ്ണാപുരം, വെള്ളായണി തുടങ്ങിയ ദേവസ്വങ്ങളിലെയും പൂജാസാധനങ്ങളുടെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ട്. മോഷണക്കേസും ക്രമക്കേടുകളും
ഒറ്റശേഖരമംഗലം ദേവസ്വത്തിൽ 2008-ന് ശേഷം വെള്ളി തിരുമുഖം മോഷണം പോയ സംഭവത്തിൽ എഫ്ഐആർ ഹാജരാക്കാൻ നിർദേശമുണ്ട്.
മാണിനാട് ദേവസ്വത്തിൽ ഗോൾഡ് മോണറ്റൈസേഷനായി സ്വർണം നൽകിയെങ്കിലും, തിരുവാഭരണം റജിസ്റ്ററിൽ അത് കുറവു ചെയ്യാത്തതും ക്രമക്കേടായി ചൂണ്ടിക്കാട്ടുന്നു. മലയിൻകീഴ് ദേവസ്വത്തിന്റെ സ്റ്റേറ്റ്മെന്റ് നിശ്ചിത മാതൃകയിലല്ല എന്നതിനാൽ പുതുക്കി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കണക്കുകളിലെ ഈ അപാകതകൾ പരിഹരിക്കുന്നതിനായി ആവശ്യമെങ്കിൽ ഭൗതിക പരിശോധന (Physical Verification) നടത്താനും അടിയന്തരമായി റിപ്പോർട്ട് ബോർഡിന് കൈമാറാനും തിരുവാഭരണം കമ്മിഷണർ നിർദേശിച്ചു. തുടർനടപടികൾക്കായി ബന്ധപ്പെട്ട
എല്ലാ സബ് ഗ്രൂപ് ഓഫിസർമാർക്കും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

