‘സ്കൂട്ടർ വിറ്റാൽ കിട്ടുന്നതിന്റെ ഇരട്ടിത്തുക പിഴ അടയ്ക്കണമല്ലോ സാർ…?’ 49 തവണ എഐ ക്യാമറയിൽ കുടുങ്ങിയ അങ്കമാലി സ്വദേശിയുടേതാണു പരിദേവനം. കാക്കനാട് (എറണാകുളം) ജില്ലയിലാണ് സംഭവം.
ഹെൽമറ്റ് വയ്ക്കാത്തതിനാണ് 44 തവണയും കുടുങ്ങിയത്. ഓരോതവണയും 500 രൂപ വീതം പിഴ.
അതിന് മാത്രം 22,000 രൂപ വരും. ശേഷിക്കുന്നത് 3 പേർ ഒരുമിച്ചു ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തെന്ന കുറ്റമാണ്.
ഇതിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതം ഓരോ തവണയും കണക്കാക്കി അടയ്ക്കണം. 3 പേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും അടയ്ക്കണം.
സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ ഫോണിലെ സന്ദേശം ശ്രദ്ധിക്കാതിരുന്നതിനാലാണു പിഴ പെരുകിയത് അറിയാതെ പോയതത്രെ.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണു പൊതുപ്രവർത്തകൻ കൂടിയായ യുവാവിനെ എഐ ക്യാമറ പിടിച്ചത്. ഇന്നലെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഓഫിസിലെത്തിയ യുവാവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന അപേക്ഷ സമർപ്പിച്ചു.
ഇതു സ്വീകരിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി വരുന്നതുവരെ കാത്തുനിൽക്കാനുമായിരുന്നു ഉപദേശം. 15 വർഷം പഴക്കമുള്ള സ്കൂട്ടറാണെന്നും വിറ്റാൽ 15,000 രൂപയിൽ കൂടുതൽ കിട്ടില്ലെന്നുമാണു പരാതിക്കാരൻ പറയുന്നത്.
പൊതു പ്രവർത്തനമുള്ളതിനാൽ ജനങ്ങളെ സഹായിക്കാനാണ് അവരെയും കയറ്റിയുള്ള സ്കൂട്ടർ യാത്രയെന്നാണു യുവാവിന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

