സ്മാർട്ട് കാർ പ്ലാറ്റ്ഫോമായ ആൻഡ്രോയിഡ് ഓട്ടോയിലെ (Android Auto) എഐ അസിസ്റ്റന്റായ ജെമിനിയിൽ (Gemini) പുതിയ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. എമർജൻസി നമ്പറായ 911-ലേക്ക് കോളുകൾ വിളിക്കാൻ മുൻപ് ജെമിനി ഉപയോഗിച്ചിരുന്നെങ്കിലും, ഇപ്പോൾ ഈ സേവനം ലഭ്യമല്ലെന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി.
റെഡ്ഡിറ്റ് (Reddit), ആൻഡ്രോയിഡ് ഓട്ടോ കമ്മ്യൂണിറ്റി ഫോറം എന്നിവയിൽ വന്ന പോസ്റ്റുകളിലാണ് ഈ നിർണായക പ്രശ്നം പുറത്തുവന്നിരിക്കുന്നത്. “കഴിഞ്ഞ ഒരു മാസത്തിനിടയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും എനിക്ക് 911-ൽ വിളിക്കേണ്ടി വന്നു.
എന്നാൽ ആൻഡ്രോയിഡ് ഓട്ടോയുമായി സംയോജിപ്പിച്ചിരിക്കുന്ന എന്റെ ജെമിനി അസിസ്റ്റന്റ് ‘calling or dialing 911’ എന്ന് കാണിക്കുകയും തുടർന്ന് കോൾ നിൽക്കുകയും ചെയ്യുന്നു” എന്നാണ് കമ്മ്യൂണിറ്റി ഫോറത്തിൽ ഒരു ഉപയോക്താവ് എഴുതിയത്. മൂന്ന് കൗമാരക്കാരും ഒരു മരവുമായി ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സഹായം അഭ്യർത്ഥിക്കാൻ ശ്രമിച്ചപ്പോഴാണ് അവസാനത്തെ സംഭവം ഉണ്ടായതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഫോണിൽ നിന്ന് നേരിട്ട് ഡയൽ ചെയ്യേണ്ടി വന്നതിനാൽ പരിക്കേറ്റ ഒരാൾക്ക് പ്രഥമശുശ്രൂഷ നൽകിക്കൊണ്ടിരുന്ന സ്വന്തം മകൾക്ക് ആ ജോലി നിർത്തിവെക്കേണ്ടി വന്നതായും ഉപയോക്താവ് പറഞ്ഞു. മുൻകാലങ്ങളിൽ ജെമിനി വഴി 911-ലേക്ക് വിജയകരമായി വിളിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, അടിയന്തര സേവനങ്ങളെ ബന്ധപ്പെടാൻ ജെമിനിക്ക് സാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.
ജെമിനി ആപ്സ് സഹായ പേജിൽ “ജെമിനി ആപ്പുകൾക്ക് ചെയ്യാൻ കഴിയാത്തവ” എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന വിവരപ്രകാരം, എമർജൻസി നമ്പറുകളായ 911 പോലുള്ളവയിലേക്ക് ജെമിനിക്ക് കോളുകൾ വിളിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ മുൻപ് തങ്ങൾക്ക് ഇതിലൂടെ കോളുകൾ വിളിക്കാൻ കഴിഞ്ഞിരുന്നു എന്നാണ് ഉപയോക്താക്കളുടെ പക്ഷം.
ഗൂഗിൾ അസിസ്റ്റന്റിന്റെ മുൻ പതിപ്പുകൾ എമർജൻസി കോളുകൾ ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ വ്യക്തത തേടി ബന്ധപ്പെട്ടെങ്കിലും ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

