കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറച്ചി വ്യാപാരികൾ സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിലേക്ക്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അറവുമാടുകളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് വ്യാപാരികൾ കടകൾ അടച്ചിട്ട് സമരം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇറച്ചിക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇറച്ചി വ്യാപാര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ കടകൾ അടച്ചിട്ടിരിക്കുകയാണ്.
15 വരെ കടകൾ അടച്ചിടാനാണ് ഇവരുടെ തീരുമാനം. കൂടാതെ, മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ 12 മുതൽ 19 വരെ കടകൾ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനാന്തര അതിർത്തികളിൽ നേരിടുന്ന ഭീഷണി തന്നെയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അതിർത്തി കടക്കുമ്പോൾ ഗുണ്ടാസംഘങ്ങൾക്ക് 5,000 മുതൽ 50,000 രൂപ വരെ നൽകേണ്ടി വരുന്നുണ്ടെന്നും, പണം നൽകാൻ വിസമ്മതിച്ചാൽ പോത്തുകളെ തട്ടിയെടുക്കുന്ന സാഹചര്യമാണുള്ളതെന്നും വ്യാപാരികൾ ആരോപിക്കുന്നു.
ആന്ധ്ര, തെലങ്കാന അതിർത്തികളിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വലിയ ട്രെയിലറുകളിൽ മാടുകളെ കൊണ്ടുവരുമ്പോൾ മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്.
15 -16 മാടുകളെ കൊണ്ടുവന്നാൽ ലാഭകരമല്ലെന്നും, 30 മുതൽ 40 മാടുകളെ വരെ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളതെന്നും വ്യാപാരികൾ വ്യക്തമാക്കി.
ഗുണ്ടാസംഘങ്ങളുടെ അമിതമായ ഇടപെടലുകൾ കാരണം ഗതാഗത മാർഗങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി മൂലം ആന്ധ്രയിലെയും തെലങ്കാനയിലെയും മാടുകർഷകരും ദുരിതത്തിലാണ്.
നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറവ് പ്രതിസന്ധിയായിരുന്നുവെങ്കിലും, ഇപ്പോൾ അവർ തിരികെ എത്തിയതോടെ അവർക്ക് നൽകാൻ ആവശ്യമായ ജോലി പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും, സുരക്ഷിതമായ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

