വിഴിഞ്ഞം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണപ്പണയ തട്ടിപ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
പ്രതിക്ക് ഒരു ബാങ്കിൽ മാത്രം നാല് അക്കൗണ്ടുകളുണ്ട്. കൂടാതെ മറ്റ് രണ്ട് ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകൾ കൂടിയുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇവയുടെ വിശദമായ പരിശോധനയും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നിലവിൽ 17 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം 175 പവനിലേറെ സ്വർണ്ണം ഇവർ തട്ടിയെടുത്തതായാണ് സൂചന. സ്വർണ്ണത്തിന് പുറമെ വസ്തു ആധാരങ്ങൾ കൈക്കലാക്കി വായ്പ തട്ടിപ്പ് നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ആഴ്ച കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. പ്രതിയുമായി അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ തട്ടിപ്പിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരായ അഞ്ജു (28), ഐശ്വര്യ (32) എന്നിവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യയാണ് അഞ്ജു.
വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യയാണ് ഐശ്വര്യ.
കേസിൽ കൂടുതൽ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

