സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ റാന്നി ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായി. ടൗണിൽ അരയ്ക്കൊപ്പം വെള്ളം ഉയരുകയും നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറുകയും ചെയ്തു.
ഈ സാഹചര്യത്തിൽ പ്രദേശവാസികളെ ബന്ധുവീടുകളിലേക്കും സുരക്ഷിതമായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയ കടകളിൽ നിന്ന് വ്യാപാരികൾ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ടൗണിലെ ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടു. റാന്നിയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു.
നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ്മകളിൽ ഇന്നും ഭീതി പരത്തുന്ന 2018ലെ പ്രളയത്തിലും സമാനമായ രീതിയിൽ ടൗൺ മുങ്ങിപ്പോയിരുന്നു.
കഴിഞ്ഞ ദിവസം റാന്നി മേഖലയിൽ അതിതീവ്ര മഴയാണ് ലഭിച്ചതെന്ന് ജില്ലാ കലക്ടർ എ. നിസാമുദീൻ വ്യക്തമാക്കി.
ഏകദേശം 300 മില്ലിമീറ്റർ വരെ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് മലവെള്ളം ഇരച്ചെത്തി വലിയ തോതിൽ ജലനിരപ്പ് ഉയരാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റാന്നിയിൽ നിന്ന് വെള്ളം ആറന്മുള ഭാഗത്തേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ പള്ളിയോടങ്ങൾക്ക് കലക്ടർ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ജില്ലയിലെ എവിടെയും ഉരുൾപൊട്ടൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മണ്ണിടിച്ചിൽ ആണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനമെന്നും കലക്ടർ അറിയിച്ചു.
ശബരിമല റോഡിൽ കണമല അട്ടിവളവ് ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. സ്ഥിതിഗതികൾ നേരിടുന്നതിന്റെ ഭാഗമായി മൂഴിയാർ ഡാം ഭാഗികമായി തുറന്നിട്ടുണ്ട്.
കൂടാതെ മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുന്ന നിലയിലാണുള്ളത്. മഴ കനത്തതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നതിന്റെ ഭാഗമായി അട്ടച്ചാക്കൽ പ്രദേശത്ത് റോഡിലേക്ക് വെള്ളം കയറി. സുരക്ഷ മുൻനിർത്തി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 1, ശനി) അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

