കൊല്ലം ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഫ്ലൈ ഓവറുകളിലെ അശാസ്ത്രീയതയും നിർമാണത്തിലെ അപാകതകളും വീണ്ടും ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തുന്നു. പാരിപ്പള്ളി ജംക്ഷനിലൂടെ കടന്നുപോകുന്ന ഫ്ലൈ ഓവറിന്റെ ബീമുകളിലൊന്നിൽ നേരിയ വളവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബലപ്പെടുത്തൽ നടപടികൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മൂന്ന് ഗർഡറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘സ്റ്റീൽ സ്ട്രക്ചർ കണക്ഷൻ’ സ്ഥാപിച്ചു. ഇതിനു പുറമെ, റീ ഇൻഫോഴ്സ്ഡ് എർത്ത് പാനൽ (ആർഇ പാനൽ) തുരന്ന് ഇരുമ്പ് ദണ്ഡുകൾ ഉറപ്പിക്കുന്ന ‘സോയിൽ നെയ്ലിങ്’ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.
ഐഐടി വിദഗ്ധരുടെ നിർദേശപ്രകാരമാണ് ഇത്തരം പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന. ഉയരപ്പാത പുറത്തേക്കു തള്ളുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സോയിൽ നെയ്ലിങ് ആരംഭിച്ചത്.
മഴവെള്ളം ഒഴുക്കി വിടുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ വിവിധ കേന്ദ്രങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന പരാതിയും ശക്തമാണ്: * ഇത്തിക്കര: ഇത്തിക്കര പാലത്തിന് ഇരുവശത്തും നിർമാണം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പാലത്തിന്റെ കിഴക്കുവശം മുതൽ വളവ് വരെയുള്ള റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മഴവെള്ളം ഒഴുകി റോഡിൽ വലിയ ചാലുകൾ രൂപപ്പെടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്.
* മൈലക്കാട്: കഴിഞ്ഞ ഡിസംബറിൽ തകർന്ന ഭാഗത്ത് 60 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും പൈലിങ് ജോലികൾ മാത്രമേ നിലവിൽ പൂർത്തിയായിട്ടുള്ളൂ.
നിർമാണം പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരും.
* മേവറം: സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഉയരപ്പാത പൊളിച്ചു നീക്കിയെങ്കിലും പുതിയ പൈലിങ് ജോലികൾ ആരംഭിച്ചിട്ടില്ല. സ്ലാബുകൾ തകരുന്നത് പതിവായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
* കല്ലുംതാഴം: റെയിൽപാതയ്ക്കിരുവശത്തുമുള്ള നിർമാണം മാസങ്ങളായി നിശ്ചലമാണ്.
വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതോടെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.
* കടവൂർ: എലിവേറ്റഡ് ഹൈവേ നിർമാണത്തിന് അനുമതി ലഭിച്ചെങ്കിലും പൈലിങ് ജോലികൾ അപൂർണ്ണമാണ്. നിർമാണത്തിലെ ഇഴച്ചിലും അശാസ്ത്രീയതയും ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

