മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജില്ലാ ഭരണകൂടം ഊർജിതമാക്കി.
ഇതിന്റെ ഭാഗമായി ദുരന്തബാധിതരുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കേൾക്കുന്നതിനായി കലക്ടറേറ്റിൽ അദാലത്തുകൾ ആരംഭിച്ചു. ആദ്യ ദിനത്തിൽ ഫെയ്സ്വൺ പട്ടികയിൽ ഉൾപ്പെട്ട
80 കുടുംബങ്ങൾ അദാലത്തിൽ പങ്കെടുത്തു. സർക്കാരിന്റെ കൈവശമുള്ള വായ്പ വിവരങ്ങൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തുകയും, ഇതിൽ ഉൾപ്പെടാത്ത പുതിയ രേഖകളോ വായ്പകളോ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ദുരന്തബാധിതരായി സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ അദാലത്ത് സംഘടിപ്പിക്കുന്നത്. നേരത്തെ വായ്പ എഴുതിത്തള്ളുന്നതിലെ കാലതാമസവും ഗുണഭോക്തൃ പട്ടികയിലെ അപാകതകളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നിട്ടിറങ്ങിയത്.
ഫെയ്സ് ഒന്ന്, ഫെയ്സ് 2എ, ഫെയ്സ് 2ബി എന്നീ പട്ടികകളിൽ ഉൾപ്പെട്ടവർക്കും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുമായാണ് ഈ അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. 11 വരെയാണ് അദാലത്ത് നടക്കുക.
ഇന്ന് ഫെയ്സ് വൺ പട്ടികയിൽ ബാക്കിയുള്ളവരും ഫെയ്സ് 2എ പട്ടികയിലുള്ളവരും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 2024 ജൂലൈ 30 വരെയുള്ള ബാങ്ക് വായ്പ സ്റ്റേറ്റ്മെന്റുകളും പാസ് ബുക്കുകളും അദാലത്തിൽ ഹാജരാക്കണം.
മരിച്ചവരുടെ വായ്പ സംബന്ധിച്ച വിവരങ്ങൾ അടുത്ത ബന്ധുക്കൾ ലഭ്യമാക്കേണ്ടതാണ്. ആധാർ കാർഡ്, റേഷൻ കാർഡ്, ലോൺ പാസ് ബുക്ക് പകർപ്പുകൾ എന്നിവയും അദാലത്തിൽ പങ്കെടുക്കുന്നതിന് ചുമതലപ്പെടുത്തിയ സമ്മതപത്രവും ബന്ധപ്പെട്ട
രേഖകളും ഹാജരാക്കണം. നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവരുടെ വിവരങ്ങൾ ക്യാമ്പിലെത്തുന്ന കുടുംബാംഗങ്ങൾ മുഖേന സമർപ്പിക്കാവുന്നതാണ്.
ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എം.കെ.ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.മൻമോഹൻ, ജില്ലാ ഫിനാൻസ് ഓഫിസർ ആർ.സാബു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

