കാൺപൂർ: നിയമപരമായി വിവാഹമോചനം നേടാതെ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവിൻ്റെ ചടങ്ങ് പന്തലിലെത്തി തടഞ്ഞ് ഒന്നാം ഭാര്യ. ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന വിവാഹച്ചടങ്ങിലാണ് സിനിമാറ്റിക് രംഗങ്ങൾ അരങ്ങേറിയത്.
സംഭവം വൻ തർക്കത്തിന് വഴിവെച്ചതോടെ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 2022-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെന്ന് 27-കാരിയായ യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
തുടർന്നുണ്ടായ കുടുംബവഴക്കുകളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്.
ഇതിനിടെയാണ് 32-കാരനായ ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം യുവതി അറിയുന്നത്. തങ്ങളുടെ അയൽവാസിയിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് സഹോദരിക്കൊപ്പമാണ് യുവതി വിവാഹവേദിയിൽ നേരിട്ടെത്തിയത്.
വേദിയിലെത്തി വരനെയും കുടുംബത്തെയും ചോദ്യം ചെയ്തതോടെ പന്തലിൽ സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
തുടർന്ന് വരനെയും ഇരു കുടുംബാംഗങ്ങളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു. രാത്രി വൈകിയും സ്റ്റേഷനിൽ ചർച്ചകൾ തുടർന്നതായാണ് വിവരങ്ങൾ.
യുവതി നൽകിയ പരാതിയുടെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തിയാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. അതേസമയം, വേദിയിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

