കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിൽ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിലേക്ക് ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽനിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഏഴു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് ഇവിടെയെത്തിയത്.
ഇതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ സംരക്ഷണം തേടിയെത്തിയ ആകെ കുഞ്ഞുങ്ങളുടെ എണ്ണം 1003 ആയി ഉയർന്നു. കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ മാത്രം എത്തുന്ന ഏഴാമത്തെ പെൺകുഞ്ഞു കൂടിയാണിത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 നാണ് 2.89 കിലോ ഭാരമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ ഈ നവജാത ശിശുവിന് ‘നേത്ര’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.
അരുൺഗോപി അറിയിച്ചു. കുഞ്ഞിനെ നേരിട്ട് സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ബീച്ച് ആശുപത്രിയിൽ എത്തിയിരുന്നു.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. കുഞ്ഞിന്റെ യഥാർത്ഥ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട
സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

