സൗദി അറേബ്യയിൽ യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹൂതി വിമതരുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തുള്ള ഇന്ത്യക്കാർക്കായി റിയാദിലെ ഇന്ത്യൻ എംബസി പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതർ അഭ്യർത്ഥിച്ചു.
അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പരമാവധി വീടുകളിൽ തന്നെ തുടരാനുമാണ് നിർദേശം. സൗദി ഭരണകൂടം നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്ന് എംബസി ഓർമ്മിപ്പിച്ചു.
രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കർശനമായി ഒഴിവാക്കണം.
സ്ഥിരീകരിക്കാത്ത വാർത്തകൾ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രവാസികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാൻ എംബസി സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. സഹായങ്ങൾക്കായി 8002471234 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അതേസമയം, സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ ഭീഷണി മുൻനിർത്തി പ്രമുഖ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾ ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകളാണ് റദ്ദാക്കിയത്.
യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകുമെന്നും, യാത്രാ തീയതി സൗജന്യമായി മാറ്റാൻ അവസരമുണ്ടാകുമെന്നും കമ്പനികൾ അറിയിച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

