പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്നുള്ള വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഹാഫ്’ പ്രദർശനത്തിനൊരുങ്ങുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ സിനിമയുടെ പ്രീമിയർ വരുന്ന സെപ്റ്റംബർ മാസത്തിൽ അരങ്ങേറും.
ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്നെസ്സ് വിഭാഗത്തിലാണ് ചിത്രം ഇടംനേടിയിരിക്കുന്നത്. നോർത്ത് ഇന്ത്യയിൽ ചിത്രം അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും എഎ ഫിലിംസും സംയുക്തമായാണ്.
സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൻ സജീവ്, സജീവ് P.K. എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവീൺ വിശ്വനാഥ് ആണ്.
രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ച് റോഡ് ആക്ഷൻ, റിവെഞ്ച്, വാമ്പയർ ആശയങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എഎ ഫിലിംസിന്റെ സഹകരണത്തോടെ എക്സൽ എന്റർടൈൻമെന്റ് ഉത്തരേന്ത്യയിലുടനീളം ഹിന്ദിയിൽ ചിത്രം എത്തിക്കും.
മലയാള ചലച്ചിത്രമേഖലയുമായുള്ള എക്സൽ എന്റർടൈൻമെന്റിന്റെ ആദ്യ സഹകരണമാണിത്. ചിത്രത്തെക്കുറിച്ച് എക്സൽ എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി പറഞ്ഞത് ഇങ്ങനെ: “വ്യത്യസ്തമാകാൻ ധൈര്യപ്പെടുന്ന സിനിമകളിൽ ഞാൻ എപ്പോഴും ആവേശഭരിതനാണ്.
ആദ്യ കാഴ്ചയിൽ തന്നെ ഹാഫ് വേറിട്ടുനിൽക്കുന്നു എന്നും, ഇതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ് എന്നും, ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനിൽ കാണാനെത്തുന്ന പ്രേക്ഷകർക്കായി ഞാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” എക്സൽ എന്റർടൈൻമെന്റിന്റെ മറ്റൊരു സഹസ്ഥാപകനായ ഫർഹാൻ അക്തർ വ്യക്തമാക്കിയത്, സംജാദിന്റെ അവതരണത്തിലെ വളരെ പച്ചയായതും വൈകാരികവുമായ എന്തോ ഒന്ന് തന്റെ ശ്രദ്ധ ആകർഷിച്ചു എന്നാണ്.
“അത് നിങ്ങളെ ഏറെ ആകർഷിക്കുകയും മനസ്സിൽ നിന്ന് മാഞ്ഞു പോകാതെ പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലേക്ക് എത്താൻ സാധിച്ചതിലും അത് പ്രേക്ഷകരിലേക്ക് കൊണ്ട് പോകാൻ സാധിക്കുന്നതിലും തനിക്ക് വലിയ ആവേശമുണ്ട് എന്നും അദ്ദേഹം പറയുന്നു.” രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച 2024 ലെ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണ് ഈ ചിത്രം.
സിനിമയുടെ ആഗോള റിലീസ് തീയതി ഉടൻ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാൻ ആണ് ഈ സിനിമയ്ക്കും ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.
രഞ്ജിത് സജീവിനെയും ഐശ്വര്യ രാജിനെയും ഈ ചിത്രത്തിനായി യുലിസ്മാൻ മാസങ്ങളോളം പരിശീലിപ്പിക്കുകയും സ്വന്തം സ്റ്റണ്ടുകൾ ചെയ്യാൻ സജ്ജമാക്കുകയും ചെയ്തു. പതിവ് ഇന്ത്യൻ ആക്ഷൻ ശൈലിയിൽ നിന്ന് വ്യത്യസ്തമായി സീറോ സ്ലോ-മോഷൻ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്.
ദേശീയ അവാർഡ് ജേതാവായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം. രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങൾ തുടങ്ങി വിവിധ ലൊക്കേഷനുകളിലായി 117 ദിവസങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരു പാൻ-ഇന്ത്യൻ സിനിമാ അനുഭവമായാണ് ചിത്രം എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

