തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ ഒരു പൊലീസ് ഇടപെടലിനാണ് ഇന്നലെ പുലർച്ചെ കൊച്ചി-സേലം ദേശീയപാത സാക്ഷ്യംവഹിച്ചത്. വാഹനപരിശോധനയ്ക്കിടെ പൊലീസിനെ തള്ളിമാറ്റി പാഞ്ഞ കാറിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് ഹെഡ് കോൺസ്റ്റബിൾ.
കോവിൽപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം.വേൽമുരുകനാണ് (38) ഈ സാഹസികദൗത്യത്തിലെ താരം. പുലർച്ചെ 5.45ന് വിളാംകുറിച്ചിക്കും കാളപ്പട്ടിക്കും ഇടയിലായിരുന്നു സംഭവം.
കർണാടകയിൽനിന്നു വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ വി.വിഘ്നേഷും വേൽമുരുകനും ചേർന്നു വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്നെത്തിയ കർണാടക റജിസ്ട്രേഷൻ കാർ തടഞ്ഞുനിർത്തിയ പൊലീസ്, പിൻസീറ്റിലെ സാധനങ്ങൾ പരിശോധിക്കാൻ ശ്രമിച്ചു.
എന്നാൽ, കാറിലുണ്ടായിരുന്ന മൂന്നംഗസംഘം പൊലീസുകാരെ തള്ളിമാറ്റി ഡോറുകൾ അടച്ച് അതിവേഗത്തിൽ കാർ മുന്നോട്ടെടുത്തു. പെട്ടെന്നു കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വേൽമുരുകന്റെ കൈ ഡോർ ഹാൻഡിലിനുള്ളിൽ കുടുങ്ങി.
ഉടൻ കാറിന്റെ റൂഫ് റെയിലിൽ പിടിച്ചു മുകളിലേക്കു കയറി കിടക്കുകയായിരുന്നുവെന്നു വേൽമുരുകൻ പറഞ്ഞു. പൊലീസുകാരൻ മുകളിലുണ്ടെന്ന കാര്യം വകവയ്ക്കാതെ കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണു പ്രതികൾ ഓടിച്ചത്.
സിവിൽ വേഷത്തിലുള്ള ഹെഡ് കോൺസ്റ്റബിൾ, മരണപ്പാച്ചിൽ നടത്തുന്ന കാറിനു മുകളിൽ കിടക്കുന്നതുകണ്ട് മറ്റു യാത്രക്കാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എസ്ഐയും സംഘവും മറ്റൊരു വാഹനത്തിൽ പ്രതികളെ പിന്തുടർന്നിരുന്നു.
വിവരമറിഞ്ഞ് നീലാംബൂർ, കരുമത്തംപട്ടി പൊലീസും പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാരും ചെയ്സിൽ പങ്കുചേർന്നു. ഇതിനിടെ എതിർവശത്തുനിന്ന് അവിനാശി പൊലീസും വരുന്നുണ്ടായിരുന്നു.
ഒടുവിൽ തിരുപ്പൂർ ജില്ലാ അതിർത്തിയിലെ തെക്കലൂരിൽ പൊലീസും ആംബുലൻസുകാരും ചേർന്നു കാർ വളയുകയായിരുന്നു. വണ്ടി നിന്നയുടൻ ഓടിപ്പോകാൻ ശ്രമിച്ച 3 പ്രതികളെ അവിനാശി പൊലീസ് പിടികൂടി.
രാജസ്ഥാൻ സ്വദേശികളായ പി.ബാബു ധാര (27), എ.രാജേഷ് കുമാർ (23), എസ്.സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇതിൽ രണ്ടുപേരുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
കോയമ്പത്തൂരിലേക്കു കടത്തുകയായിരുന്ന 170 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണു കാറിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

