കോട്ടയം ജില്ലയിൽ ജനവാസമേഖലകളിൽ തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം. വീടുകളിൽ അതിക്രമിച്ചുകയറിയ നായ്ക്കൾ മുതിർന്ന സ്ത്രീയെയും മൂന്നുവയസ്സുകാരിയായ കുട്ടിയെയുമാണ് കടിച്ചു പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച സന്ധ്യയോടെയാണ് പരിപ്പ് അമ്പലക്കടവിന് സമീപം കോട്ടയ്ക്കൽ കുടുംബത്തിലെ മൂന്ന് വീടുകളിൽ പേപ്പട്ടിയുടെ സമാനമായ രീതിയിലുള്ള ആക്രമണം ഉണ്ടായത്. വീട്ടിലെ കട്ടിലിൽ വിശ്രമിക്കുകയായിരുന്ന നാരായണി (92) യുടെ കാലിലാണ് നായയുടെ കടിയേറ്റത്.
“ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ചുകിടന്ന നാരായണിയെയാണ് കണ്ടത്,” എന്ന് മകൻ മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനുപിന്നാലെ സമീപത്തെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന, നാരായണിയുടെ കൊച്ചുമോൻ രതീഷിന്റെ 3 വയസ്സുള്ള കുഞ്ഞിനും നായയുടെ കടിയേൽക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ നൽകി. ആദ്യം നാരായണിയുടെ മൂത്തമകൻ മോഹനന്റെ വീട്ടിലാണ് നായയെത്തിയത്.
മോഹനന്റെ കൊച്ചുമോളുടെ നേരെ പാഞ്ഞടുത്ത നായയിൽ നിന്നും കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് രതീഷിന്റെ മകൾക്ക് നേരെ ആക്രമണമുണ്ടായത്.
പ്രദേശത്തെ ആടുകളെയും നായ്ക്കൾ ആക്രമിച്ചതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ട് ആടുകളെ ആക്രമിക്കുകയും ഇതിൽ ഒന്നിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നഗരസഭാ പരിധിയിൽ ആയിരത്തിലധികം നായ്ക്കൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കെഎസ്ആർടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കലക്ടറേറ്റ് വളപ്പ്, കോടിമത മാർക്കറ്റ്, പഴയ മാർക്കറ്റ്, സ്കൂൾ പരിസരങ്ങൾ, മത്സ്യ-മാംസ വിൽപന കേന്ദ്രങ്ങൾ, തെക്കുംഗോപുരം, കച്ചേരിക്കടവ്, കോടിമത ബോട്ടുജെട്ടികൾ തുടങ്ങിയവയെല്ലാം നായ്ക്കളുടെ പ്രധാന താവളങ്ങളാണ്. ഇറച്ചി മാലിന്യങ്ങളിൽ നിന്നാണ് നായ്ക്കൾ രക്തത്തിന്റെയും പച്ച ഇറച്ചിയുടെയും രുചിയറിഞ്ഞതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
പ്രധാന ഹോട്ട് സ്പോട്ടുകൾ:
∙ കോട്ടയം – മെഡിക്കൽ കോളജ് ബൈപാസ് റോഡ്: റോഡരുകിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നു. ചുങ്കം, വാരിശേരി, തിരുവാറ്റ, കുടയംപടി തുടങ്ങിയ ഭാഗങ്ങളിലാണ് ശല്യം രൂക്ഷം.
∙ എംഎൽ റോഡ്: പാസ്പോർട്ട് ഓഫിസിനു സമീപത്തെ റോഡിൽ രാപകലില്ലാതെ നായ്ക്കളുടെ സാന്നിധ്യമുണ്ട്.
∙ എംജി റോഡ്: കോടിമത– ചന്തക്കടവ് എംജി റോഡിന്റെ വശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും നായ്ക്കൾ ധാരാളമായുണ്ട്.
∙ കോടിമത മൃഗാശുപത്രി: മൃഗാശുപത്രിക്കു സമീപവും വെസ്റ്റ് പൊലീസ് സ്റ്റേഷൻ റോഡിലും നായ്ക്കളുടെ പടതന്നെയുണ്ട്.
ഇതുവഴി പരിചയമില്ലാത്തവർ വന്നാൽ നായ്ക്കൾ ചാടിവീഴുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. യോഗം വിളിക്കുമെന്ന് കലക്ടർ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേരുമെന്ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടറുടെ നിർണായക പ്രഖ്യാപനം ഉണ്ടായത്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വർധിച്ചുവരുന്നത് ജനപ്രതിനിധികൾ യോഗത്തിൽ ശക്തമായി ഉന്നയിച്ചിരുന്നു.
മെഡിക്കൽ കോളജിൽ എത്തുന്ന സന്ദർശകർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ വർധിക്കുന്നതാണ് നായശല്യം രൂക്ഷമാകാൻ കാരണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

