പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയ സംഭവത്തിൽ ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് അമ്മമാർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മേൽപറമ്പ് എസ്ഐ ടി.അഖിലിന്റെ നേതൃത്വത്തിൽ ബെണ്ടിച്ചാലിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പതിനഞ്ചുകാരനായ വിദ്യാർഥി സ്കൂട്ടറുമായി എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനമോടിച്ച കുട്ടിക്ക് ലൈസൻസില്ലെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
വാഹനം നൽകിയത് ആരാണെന്ന ചോദ്യത്തിന് അമ്മയാണെന്ന് കുട്ടി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബെണ്ടിച്ചാൽ സ്വദേശിനിയായ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
സമാനമായ രീതിയിൽ ബേക്കൽ എസ്ഐ യു.റോഷിത്തിന്റെ നേതൃത്വത്തിലുണ്ടായ പരിശോധനയിലാണ് തിരുവാക്കോളി ജുമാമസ്ജിദ്, മൗവ്വൽ എന്നിവിടങ്ങളിൽ നിന്ന് പതിനേഴുകാരനായ രണ്ട് പേരെ സ്കൂട്ടർ സഹിതം പിടികൂടിയത്. പൊടിപ്പള്ളത്തുനിന്ന് പാലക്കുന്നിലേക്ക് സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയെയും മൗവ്വലിൽ വെച്ച് മറ്റൊരു വിദ്യാർഥിയെയും പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.
സംഭവത്തിൽ കുട്ടികളുടെ മാതാക്കളായ ബേക്കൽ കണ്ണങ്കുളം സ്വദേശിനി, പെരിയ ബസാർ സ്വദേശിനി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ വ്യാപകമായ ബോധവൽക്കരണം നടന്നുവരുന്നതിനിടയിലാണ് ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾ വാഹനങ്ങളുമായി പിടിയിലായാൽ കാൽലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

