18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫേസ് ടു ഫേസ്’ സംവാദ സദസ് ശ്രദ്ധേയമായി. സമൂഹത്തെ രേഖപ്പെടുത്തുന്നതിലും വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നതിലും സിനിമാ പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് ചടപ്പിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നു.
ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ഒരു “ഹ്യൂമൻ ആർക്കൈവ്” ആയി നിലകൊള്ളണമെന്ന് ചടങ്ങിൽ സംസാരിച്ച കൃഷ്ണകാന്ത് മിശ്ര അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങൾക്കുശേഷവും ആളുകൾക്ക് ഈ സിനിമകളിലൂടെ തങ്ങൾ ജീവിച്ച കാലഘട്ടത്തെയും അതിന്റെ യാഥാർത്ഥ്യങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കണം.
പ്രേക്ഷകർക്ക് അവരുടെ രീതിയിൽ സിനിമകളെ വ്യാഖ്യാനിക്കാൻ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം തങ്ങൾ സ്ക്രീനിൽ കാണിക്കുന്ന വിഷയങ്ങളിൽ ചലച്ചിത്ര പ്രവർത്തകർക്ക് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിൽ കൊങ്കണി ഭാഷാസമൂഹത്തിന്റെ പ്രാതിനിധ്യം വളരെ പരിമിതമാണെന്ന് ആയുഷ്ക ചുരി ചൂണ്ടിക്കാട്ടി.
വീട് എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള ‘ഫോർ സെയിൽ’ എന്ന തന്റെ സിനിമയുടെ അന്വേഷണം കൊങ്കണി ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും വേർപെടുത്തി കാണാനാകില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. പുതുതായി പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട
‘ഗ്ലോബ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷിജിൻ ഗോവിന്ദ്, തന്റെ സിനിമ പ്രദേശികമായ ഒരു ജനവിഭാഗത്തിൽ വേരൂന്നിയതാണെങ്കിലും ആ കഥയ്ക്ക് വിശാലമായ മാനവികതയും ആഗോള തലമുണ്ടെന്നും വ്യക്തമാക്കി. ഡോ.
രാജേഷ് ജെയിംസ് മോഡറേറ്റ് ചെയ്ത പരിപാടിയിൽ സംവിധായകരായ സിദ്ധാർഥ മൊറെ, സമുജ്ജൽ കശ്യപ്, രമിത് കുഞ്ഞിമംഗലം, വിപിൻ വർഗ്ഗീസ്, ജീവൻ ഷാജി, ഷാനിബ് ബക്ഷി, ശ്രീഹരി രാജേഷ്, മുഹമ്മദ് ജസീൽ, ശ്യാം മഹേശ്വരി, സന്ധ്യ രാജു എന്നിവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

