വാഷിങ്ടൺ: ഇറാനുമായി കഴിഞ്ഞ കുറെക്കാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയുടെ പക്കലുള്ള പ്രധാനപ്പെട്ട ദീർഘദൂര ആക്രമണ മിസൈലുകളുടെ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ചു തീർന്നതായി റിപ്പോർട്ട്.
പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യം നിലവിൽ സമാനതകളില്ലാത്ത ആയുധക്ഷാമമാണ് നേരിടുന്നത്.
ഭാവിയിൽ ചൈന ഉൾപ്പെടെയുള്ള വൻശക്തികളുമായി എന്തെങ്കിലും തരത്തിലുള്ള സൈനീത ഏറ്റുമുട്ടലുകൾ ഉണ്ടായാൽ പ്രതിരോധിക്കാൻ അമേരിക്കൻ സേന എത്രത്തോളം സജ്ജമാണെന്ന ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇറാന് എതിരായ വ്യോമാക്രമണങ്ങളിൽ കരയിൽ നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ ‘എറ്റാകംസ്’, പുതിയ തലമുറയിൽപ്പെട്ട
‘പ്രസിഷൻ സ്ട്രൈക്ക് മിസൈലുകൾ’ എന്നിവയുടെ വലിയൊരു ശേഖരമാണ് അമേരിക്ക വ്യാപകമായി ചെലവഴിച്ചത്. ഇതിൽ ഭൂരിഭാഗം മിസൈലുകളും ഇപ്പോൾ തീർന്നെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
സൈനികർക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ പൈലറ്റില്ലാത്ത ദീർഘദൂര മിസൈലുകളെയാണ് ട്രംപ് ഭരണകൂടം പ്രധാനമായും ആശ്രയിച്ചത്. യുഎസ് ആയുധശേഖരത്തിലുണ്ടായിരുന്ന ‘ടോമഹോക്ക് ക്രൂയിസ് മിസൈലുകളിൽ’ പകുതിയോളം ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു.
ഇതിനുപുറമേ, ‘പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ’ 65 ശതമാനവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ ‘താഡ്’ മിസൈലുകളുടെ 38 ശതമാനത്തോളവും ഇതിനകം വിനിയോഗിച്ചതായി പ്രതിരോധ പഠന കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മധ്യപൂർവേഷ്യൻ മേഖലയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം പൂർണ്ണമായും തീർന്ന അവസ്ഥയിലാണ്.
ഇതേതുടർന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുൻകൂട്ടി വിന്യസിച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് നിലവിൽ ഈ മേഖലയിലേക്ക് മിസൈലുകൾ എത്തിക്കുന്നത്. എങ്കിലും, രാജ്യത്ത് ആയുധക്ഷാമം ഉണ്ടെന്ന തരത്തിലുള്ള ആശങ്കകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
ലോകത്ത് മറ്റാരെക്കാളും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്വന്തമായുള്ള രാജ്യമാണ് അമേരിക്കയെന്നും ആവശ്യത്തിൽ അധികം സൈനിക കരുത്ത് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രതിരോധ നിർമ്മാണ കമ്പനികൾ നിലവിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് പുതിയ മിസൈലുകളുടെ ഉത്പാദനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ആയുധങ്ങളുടെ ഉത്പാദനം എത്ര വർദ്ധിപ്പിച്ചാലും, നീണ്ടുനിൽക്കുന്ന ഒരു വലിയ യുദ്ധമുണ്ടായാൽ കുറഞ്ഞുപോയ ശേഖരം പഴയ നിലയിലാക്കാൻ വർഷങ്ങളുടെ പരിശ്രമം വേണ്ടിവരുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

