ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് അരവണ വിതരണം പൂർണ്ണമായി തടസ്സപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അതൃപ്തി.
വരാനിരിക്കുന്ന തീർഥാടന കാലത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായതിനെത്തുടർന്ന്, മന്ത്രി കെ.മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ഡല തീർഥാടനം മുൻനിർത്തി അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും, മാസപൂജയ്ക്കുള്ള കരുതൽ ശേഖരം തയ്യാറാക്കാതെ പ്ലാന്റ് അടച്ചിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.
കഴിഞ്ഞദിവസം ഓരോ തീർഥാടനും ഓരോ ഡപ്പി അരവണ മാത്രമാണ് വിതരണം ചെയ്തത്. ഉച്ചയ്ക്ക് മുൻപ് തന്നെ ഇതും തീർന്നതോടെ പ്രസാദം ലഭിക്കാതെ നിരവധി ഭക്തർക്ക് മലയിറങ്ങേണ്ടി വന്നു.
പുലർച്ചെ മുതൽ തന്നെ വിതരണ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
അരവണയുടെ ലഭ്യതക്കുറവ് മൂലം മിക്ക കൗണ്ടറുകളും അടഞ്ഞു കിടക്കുകയായിരുന്നു. വരുന്ന നവംബർ 16-നാണ് മണ്ഡലകാല തീർഥാടനത്തിനായി നട
തുറക്കുന്നത്. ശർക്കര കരാർ നൽകുന്നതിലുണ്ടായ വീഴ്ചകൾ തീർഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
അതേസമയം, അരവണ നിർമ്മാണത്തിനായുള്ള ശർക്കര കരാർ നൽകുന്നത് വൈകിയതുവഴി ദേവസ്വം ബോർഡിന് 4.1 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. കഴിഞ്ഞ വർഷം ഒരു കിലോഗ്രാമിന് 39 രൂപ നിരക്കിൽ ലഭിച്ചിരുന്ന ശർക്കരയ്ക്ക്, ഇത്തവണ കരാറുകാർ ആവശ്യപ്പെടുന്നത് 46.51 രൂപയാണ്.
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിലപേശൽ നടത്തുവാൻ ആവശ്യമായ സമയവുമില്ല. മുൻകാലങ്ങളിൽ ശർക്കര കരാറുകാരുടെ ചെലവിലാണ് സന്നിധാനത്തെ ഗോഡൗണുകളിൽ എത്തിച്ചിരുന്നത്.
എന്നാൽ ഇത്തവണ പമ്പയിൽ എത്തിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് ഉള്ളത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കുന്നതിനുള്ള തുക ദേവസ്വം ബോർഡ് വഹിക്കേണ്ടി വരും.
ഇതിനായി കുറഞ്ഞത് 1.25 കോടി രൂപയെങ്കിലും ബോർഡിന് വീണ്ടും ചെലവിടേണ്ടി വരും. ഇതോടെ വില കുറയേണ്ട
സ്ഥാനത്ത് കിലോഗ്രാമിന് 7.51 രൂപ അധികമായി നൽകേണ്ട അവസ്ഥയാണ്.
ആകെ 50 ലക്ഷം കിലോഗ്രാം ശർക്കര വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇതിലൂടെ മാത്രം 2.85 കോടി രൂപ അധികമായി നൽകേണ്ടി വരുന്നു.
ഇതിനു പുറമെ പമ്പയിൽ നിന്നും ട്രാക്ടർ മാർഗ്ഗം സന്നിധാനത്തേക്ക് ശർക്കര കടത്തുന്നതിനുള്ള കൂലി കൂടി കണക്കാക്കുമ്പോൾ മൊത്തം അധികച്ചെലവ് 4 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. സാധാരണയായി മേ മാസത്തിലാണ് ശർക്കര വാങ്ങുന്നതിനുള്ള കരാർ ക്ഷണിക്കാറുള്ളതെങ്കിലും, ഇത്തവണ അത് ഓഗസ്റ്റ് മാസം വരെ നീണ്ടുപോയി.
ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കി കമ്പനികളിൽ നിന്ന് നേരിട്ട് ശർക്കര വാങ്ങാൻ നടത്തിയ ശ്രമങ്ങൾ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അട്ടിമറിക്കപ്പെട്ടു. തുടർന്നുണ്ടായ വീഴ്ചകൾ കാരണം രണ്ട് തവണ വീണ്ടും കരാർ ക്ഷണിക്കേണ്ടി വന്നു.
ഒടുവിൽ കരാറുകാർ ആവശ്യപ്പെടുന്ന ഉയർന്ന വില നൽകി ശർക്കര വാങ്ങേണ്ട ദുസ്ഥിതിയിലാണ് ബോർഡ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

