പത്തനംതിട്ട അടൂരിൽ പോക്സോ കേസ് പ്രതിയുടെ സഹോദരനായ ഇരുപത്തിമൂന്നുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കർശന നടപടി.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായി.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഈ സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ വരും ദിവസങ്ങളിൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
കൂടാതെ, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും (SIT) ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് പ്രാരംഭ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, ഇരുപത്തിമൂന്നുകാരനായ യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു.
സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന വ്യാജേനയാണ് യുവാവിനെ കാറിൽ കൊണ്ടുപോയത്. വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ ഈ യാത്രാവേളയിൽ യുവാവിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ക്രൂരമായ മർദനമേറ്റെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മെയ് 29 ന് നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട നിർണായകമായ മെഡിക്കൽ രേഖകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പത്തനംതിട്ട എസ്പി പ്രാഥമിക അന്വേഷണം നടത്തിക്കുകയും, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി പി പ്രസാദ് ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായത്.
യുവാവിന്റെ പരാതി പൂർണ്ണമായും ശരിവയ്ക്കുന്നതാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരായ പൊലീസുകാർക്കെതിരെ അടിയന്തര സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

