യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ റഷ്യ കനത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയിൽ പെട്രോൾ ലഭ്യത കുറഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാണ് റഷ്യൻ സർക്കാർ നിലവിൽ നീക്കം നടത്തുന്നത്.
അടുത്ത കാലം വരെ ലോകത്തെ പ്രധാന ഇന്ധന കയറ്റുമതി രാജ്യങ്ങളിലൊന്നായിരുന്ന റഷ്യയാണ് ഇപ്പോൾ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥർ വഴി വിമാന ഇന്ധനം എത്തിക്കാൻ ശ്രമിക്കുന്നത്. യുക്രെയ്നിന്റെ നിരന്തരമായ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾക്ക് കനത്ത നാശനഷ്ടമുണ്ടായതാണ് ഈ അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചത്.
ജപ്പാനിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിലനിൽക്കുന്ന തടസ്സങ്ങൾ മറികടക്കാൻ ദക്ഷിണ കൊറിയയുടെ സഹായത്തോടെയുള്ള പ്രത്യേക തന്ത്രമാണ് റഷ്യ ആവിഷ്കരിച്ചിരിക്കുന്നത്. ജൂലൈ പകുതിയോടെ ജപ്പാനിലെ ചിബയിൽ നിന്ന് രണ്ടു ലക്ഷം ബാരൽ ഇന്ധനം പ്രത്യേക കപ്പലിൽ ദക്ഷിണ കൊറിയൻ തുറമുഖത്ത് എത്തിക്കും.
അവിടെ നിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റി റഷ്യയിലേക്ക് എത്തിക്കാനാണ് പദ്ധതി. 2022ലും സമാനമായ രീതിയിൽ റഷ്യ ജപ്പാനിൽ നിന്ന് ഇന്ധനം വാങ്ങിയിരുന്നു.
കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 30,000 ബാരൽ വിമാന ഇന്ധനം കയറ്റുമതി ചെയ്തിരുന്ന റഷ്യയിൽ, ഈ വർഷം അത് 13,000 ബാരലായി കുത്തനെ കുറഞ്ഞു. ഇതേത്തുടർന്ന് നടപ്പ് വർഷം നവംബർ 30 വരെ വിമാന ഇന്ധന കയറ്റുമതിക്ക് റഷ്യൻ ഭരണകൂടം പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ എണ്ണ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്. ഡ്രോൺ ആക്രമണം ശക്തമായതോടെ പ്രമുഖ റഷ്യൻ കമ്പനികൾ ക്രൂഡോയിൽ ശുദ്ധീകരണം താത്കാലികമായി നിർത്തിവെച്ചു.
പല നഗരങ്ങളിലും പെട്രോൾ പമ്പുകളിൽ ഇന്ധനത്തിനായി 36 മണിക്കൂർ വരെ ജനങ്ങൾക്ക് നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടി വരുന്നു.
പ്രതിസന്ധിയുടെ തുടക്കത്തിൽ ഇത്തരം വിവരങ്ങൾ റഷ്യൻ ഭരണകൂടം നിഷേധിച്ചിരുന്നെങ്കിലും, സ്ഥിതി സങ്കീർണ്ണമായതോടെ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ തന്നെ ഒടുവിൽ ഈ യാഥാർത്ഥ്യം പരസ്യമായി സമ്മതിക്കുകയായിരുന്നു. ഇന്ധന വിതരണം ഏകോപിപ്പിക്കുന്നതിനായി രാജ്യത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
എന്നാൽ ഈ പ്രതിസന്ധി റഷ്യയിൽ മാത്രം ഒതുങ്ങുന്നതല്ല. റഷ്യൻ ഇന്ധനത്തെ പ്രധാനമായും ആശ്രയിച്ചു പോന്നിരുന്ന അയൽരാജ്യങ്ങളെയും ഇത് ബാധിച്ചു കഴിഞ്ഞു.
പ്രതിസന്ധിയിലായ ഉസ്ബെകിസ്ഥാൻ ഇപ്പോൾ ബദൽ മാർഗ്ഗമെന്ന നിലയിൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. മറ്റൊരു അയൽരാജ്യമായ കസഖ്സ്ഥാൻ വ്യോമ സർവീസുകൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തിയാണ് നിലവിലെ സാഹചര്യം നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

