ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിലവിൽ കൈവരിക്കുന്ന മികച്ച പുരോഗതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
നിലവിൽ 7-8 ശതമാനം വളർച്ചാ നിരക്കിലാണ് രാജ്യം മുന്നേറുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണായകമായ ഈ പ്രസ്താവന.
സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പലിശ നിരക്ക് ഉയർത്തരുതെന്നും, ഇന്ത്യയെപ്പോലെ തന്നെ അമേരിക്കയും വളർച്ചയുടെ പാതയിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ കടുത്ത നയങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ പാടില്ലെന്നും, 4 ശതമാനത്തിൽ ഒതുക്കാതെ 12-13 ശതമാനം വരെ ജിഡിപി വളർച്ച കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തിയെന്നും തൊഴിലവസരങ്ങൾ റെക്കോർഡ് സൃഷ്ടിച്ചുവെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ നിലവിലെ ഭരണത്തെ സുവർണ്ണ കാലഘട്ടമായാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ റഷ്യയുമായുള്ള വ്യാപാര ബന്ധത്തെ ചൊല്ലി ഇന്ത്യയെ ‘ചത്ത സമ്പദ്വ്യവസ്ഥ’ (ഡെഡ് ഇക്കോണമി) എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപിന്റെ നിലപാടിലെ വലിയ മാറ്റമാണ് ഇപ്പോഴത്തേത്.
അന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയ്ക്കെതിരെ അദ്ദേഹം 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. വ്യാപാര കരാറുമായി ബന്ധപ്പെട്ട
നടപടികൾ അവസാന ഘട്ടത്തിലാണെന്നും, നിയമപരിശോധനകൾ പൂർത്തിയായാൽ ഡിസംബറിൽ കരാർ ഒപ്പിടുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കരാർ ഒപ്പിടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അടുത്ത വർഷം ആദ്യം ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

