വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നതായി കണ്ടെത്തിയ 33 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ വിവാദമാകുന്നു. ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായിട്ടും, ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ബോർഡ് സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
ഇതിനിടെ, ഓഡിറ്റ് റിപ്പോർട്ട് ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ വഴിപാട് ഇനത്തിൽ ഏകദേശം 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ഓഡിറ്റിൽ തെളിഞ്ഞത്.
ജൂൺ 9 മുതൽ 15 വരെ നടത്തിയ മിന്നൽ പരിശോധനയിൽ ജൂനിയർ സൂപ്രണ്ടാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ.എസ്.വിഷ്ണു വഴിപാടുകൾക്കായി വാങ്ങിയ തുക ദേവസ്വം അക്കൗണ്ടിൽ യഥാസമയം അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ശുപാർശ നൽകിയിരുന്നു.
എന്നാൽ, ക്രമക്കേട് പുറത്തായതോടെ പല ഘട്ടങ്ങളിലായി പണം തിരിച്ചടച്ചതിനാൽ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന വാദമാണ് ദേവസ്വം ബോർഡിലെ ഒരു വിഭാഗം സംഘടനകൾ ഉയർത്തുന്നത്. അതിനിടെ, വൈക്കം ദേവസ്വം ഓഡിറ്റ് ഓഫിസറായി ഉണ്ണി പൊന്നപ്പനെ നിയമിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ചങ്ങനാശേരി ഗ്രൂപ്പിലെ കൊടുപ്പുന്നക്കാവ് ദേവസ്വം മേൽശാന്തിയായിരുന്ന ഇദ്ദേഹം, വൈക്കം കൃഷ്ണൻ കോവിലിൽ ജോലി ചെയ്തിരുന്ന കാലത്ത് സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വിജിലൻസ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023 ജൂൺ 8നു സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. സസ്പെൻഷൻ നടപടി നേരിട്ട
വ്യക്തിയെ സുപ്രധാനമായ ഓഡിറ്റ് ഓഫിസർ തസ്തികയിൽ നിയമിച്ചത് ബോർഡിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന വിമർശനമാണ് ഉയരുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും, പകരക്കാരൻ എത്തുന്നതുവരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നത് ബോർഡിന്റെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

