വാരാന്ത്യത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ട് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് വിപണിവില 13,450 രൂപ ആയിരിക്കുകയാണ്.
പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,07,600 രൂപ എന്ന നിലവാരത്തിലെത്തി.
കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ 4,560 രൂപയുടെ വർധനയുണ്ടായ ശേഷമാണ് ഈ നേരിയ കുറവ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.
യുഎസ് പലിശ നിരക്കുകളിൽ വലിയ വർധനയുണ്ടാകില്ലെന്ന നിഗമനത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 4,193 ഡോളർ എന്ന നിരക്കിലായിരുന്നപ്പോൾ നിശ്ചയിച്ച വിലയേക്കാൾ, ക്ലോസിങ് സമയത്തെ വില താഴ്ന്നതാണ് കേരളത്തിൽ വില കുറയാൻ കാരണമായതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഇന്നലെ 1.5 ശതമാനം ഉയർന്ന സ്വർണവില ഔൺസിന് 4,175 ഡോളറിലാണ് ക്ലോസ് ചെയ്തത്. സ്വർണവിപണിയുടെ ഭാവി
സ്വർണത്തിലെ നിലവിലെ ഡിമാൻഡ് കുറവാണെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക സ്ഥാപനമായ ജെപി മോർഗന്റെ പ്രവചനം അനുസരിച്ച്, നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിൽ സ്വർണവില ഔൺസിന് 4,300 ഡോളറിലും നാലാം പാദത്തിൽ 4,500 ഡോളറിലും എത്താൻ സാധ്യതയുണ്ട്. വർഷാവസാനത്തോടെ വില 6,000 ഡോളർ കടക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടലുകൾ.
എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ഈ പ്രവചനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പലിശ നിരക്ക് ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്നും കടപത്രങ്ങളിലേക്ക് മാറുന്നതാണ് വിപണിയെ ബാധിക്കുന്നത്.
അതേസമയം, 2027ന്റെ തുടക്കത്തിൽ കേന്ദ്രബാങ്കുകളുടെ വാങ്ങൽ വർധിക്കുന്നതോടെ സ്വർണം പുതിയ ഉയരങ്ങൾ തൊടുമെന്നും, അന്ന് വില ഔൺസിന് 5,500 ഡോളർ കടക്കുമെന്നും ജെപി മോർഗൻ വിലയിരുത്തുന്നു. വാങ്ങുന്നവർ ശ്രദ്ധിക്കാൻ
കേരളത്തിൽ നിലവിലെ നിരക്ക് പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ കുറഞ്ഞത് 1.22 ലക്ഷം രൂപയെങ്കിലും ചെലവാകും.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,110 രൂപയാണ് വില. ചിലയിടങ്ങളിൽ 11,055 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപ നിരക്കിലാണ് വിൽപന തുടരുന്നത്.
(നിരാകരണം: ഈ ലേഖനം സ്വർണം ഉൾപ്പെടെയുള്ള നിക്ഷേപങ്ങളെ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തമായി പഠനങ്ങൾ നടത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

