സംസ്ഥാനത്തെ സഹകരണ മേഖലയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സാമ്പത്തിക അടിത്തറ തകരുന്നു. മുൻപ് വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്ന ബാങ്കിൽ നിലവിൽ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
സി.പി.എം ഭരണസമിതി ചുമതലയേൽക്കുമ്പോൾ 226 കോടി രൂപയായിരുന്ന നിക്ഷേപത്തുക ഇപ്പോൾ 140 കോടി രൂപയായി ഇടിഞ്ഞു. ഈ സാമ്പത്തിക വർഷം മാത്രം 3.72 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം നഷ്ടം 11.96 കോടി രൂപയിലേക്ക് ഉയർന്നു. ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കർശന നടപടികളിലേക്ക് നീങ്ങുകയാണ്.
ബാങ്ക് ആസ്ഥാനത്തും വിവിധ ശാഖകളിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ, 2022 ജൂലൈ 22-ന് സ്വർണപ്പണയം ഉൾപ്പെടെയുള്ള വായ്പാ വിതരണങ്ങൾ നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് ഉത്തരവിട്ടു. ആർ.ബി.ഐ റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് എടുത്തുപറയുന്നത്.
ബാങ്ക് ജീവനക്കാരുടെ ബന്ധുക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകിയതും, മൂന്ന് സ്ത്രീകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് 50,000 രൂപ വീതം വായ്പ നൽകിയതും ഉൾപ്പെടെയുള്ള പദ്ധതികളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി അധികൃതർ കണ്ടെത്തി. കൂടാതെ കുമ്പനാട്, വാളക്കുഴി, കുറ്റൂർ ശാഖകൾ അടച്ചുപൂട്ടണമെന്നും നിർദേശമുണ്ട്.
ബാങ്കിന്റെ ഭരണപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, ആവശ്യമായ പരിഷ്കാരങ്ങൾ ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ഭാഗം കേൾക്കാതെ നടപടിയെടുത്തുവെന്ന് കാണിച്ച് ബാങ്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയിരുന്നു.
ഇതിനെതിരെ റിസർവ് ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത് സഹകരണ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നിലവിൽ സുപ്രീം കോടതിയിൽ പരാതി തീർപ്പാകാത്ത സാഹചര്യത്തിൽ വായ്പകൾ നൽകുന്നതിന് തടസ്സമില്ലാത്ത അവസ്ഥയാണുള്ളത്.
ഇതിനിടെ, കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ സെക്ഷൻ 65 പ്രകാരം സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി. ബാങ്ക് പരിധിക്ക് പുറത്ത് താമസിക്കുന്ന സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഈടില്ലാതെ 20 ലക്ഷം രൂപ വായ്പ നൽകിയതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.
സമാനമായ രീതിയിൽ ഈടില്ലാതെ കോടികളുടെ വായ്പകൾ വിതരണം ചെയ്തതായി വിവരം ലഭിക്കുന്നു. പത്തനംതിട്ട
ജില്ലയിലെ മറ്റ് സഹകരണ സംഘങ്ങൾക്കെതിരെയും സമാനമായ ആക്ഷേപങ്ങൾ ഉയരുന്നത് സഹകാരികളെ കൂടുതൽ ആശങ്കയിലാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

