കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിവിധ ഘട്ടങ്ങളിലായുള്ള ട്രാഫിക് ക്രമീകരണങ്ങൾ നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും നഗരസഭാ കൗൺസിലും സംയുക്തമായി തീരുമാനിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പദ്ധതിയുടെ ഒന്നാംഘട്ടം നിലവിൽ വരുമെന്ന് നഗരസഭാ ചെയർപഴ്സൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. പ്രധാന ഗതാഗത മാറ്റങ്ങൾ ∙ വെള്ളയാംകുടി – കക്കാട്ടുകട റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിടും.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശങ്ങളിലും വിപുലമായ ദിശാബോർഡുകൾ സ്ഥാപിക്കും. ഇതോടെ ഏലപ്പാറ റൂട്ടിൽ നിന്നും ഇടുക്കി, എറണാകുളം, തൊടുപുഴ, ഇരട്ടയാർ, നെടുങ്കണ്ടം ഭാഗങ്ങളിലേക്കും, ഇടുക്കിയിൽ നിന്നും കോട്ടയം, വാഗമൺ, ഉപ്പുതറ ഭാഗങ്ങളിലേക്കും പോകേണ്ട
വാഹനങ്ങൾക്ക് നഗരത്തിനുള്ളിൽ പ്രവേശിക്കാതെ സഞ്ചരിക്കാൻ സാധിക്കും. ∙ ഇടുക്കിക്കവല – അശോക ജംക്ഷൻ റോഡിൽ നിന്നും ഇടുക്കിക്കവല ബൈപ്പാസിലേക്കും, തിരിച്ച് ബൈപ്പാസിൽ നിന്നും അശോക ജംക്ഷൻ റോഡിലേക്കും വലത്തേയ്ക്ക് തിരിയുന്നത് കർശനമായി നിരോധിച്ചു.
∙ അശോക ജംക്ഷൻ – സെൻട്രൽ ജംക്ഷൻ റോഡിലെ നിലവിലെ സീബ്രാ ലൈൻ ഒഴിവാക്കും. പകരം മാർക്കറ്റ് റോഡ്, സ്കൂൾ കവല എന്നിവിടങ്ങളിൽ പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും.
മങ്ങിയ ട്രാഫിക് ലൈനുകൾ പുതുക്കി വരയ്ക്കാനും തീരുമാനമായി. ∙ ബസ് സ്റ്റോപ്പുകളിൽ വലിയ പുനഃക്രമീകരണം നടപ്പാക്കും.
പള്ളിക്കവലയിലെ സ്റ്റോപ്പ് ജിഎസ്ടി ഓഫിസിന് സമീപത്തേക്കും, സെൻട്രൽ ജംക്ഷനിലേത് കൊല്ലംകുടി ബിൽഡിങ്ങിന് സമീപത്തേക്കും മാറ്റും. ഗുരുമന്ദിരം ജംക്ഷനിലെ സ്റ്റോപ്പ് കേജീസ് ബിൽഡിങ്ങിന് അടുത്തേക്കു മാറും.
കൂടാതെ, ഇടുക്കിക്കവലയിലെയും, ഇടശേരി ജംക്ഷനിലെയും, മാർക്കറ്റ് ജംക്ഷനിലെയും സ്റ്റോപ്പുകൾ മുന്നോട്ട് നീക്കും. സിഎസ്ഐ പള്ളിക്ക് സമീപം പുതിയ സ്റ്റോപ്പ് അനുവദിക്കും.
ഇടുക്കിക്കവലയിൽ ഇടുക്കി, ഏലപ്പാറ റൂട്ടുകളിലെ ബസുകളുടെ സ്റ്റോപ്പുകൾ 50 അടി വീതം മുന്നോട്ട് മാറ്റും. ∙ പഴയ സ്റ്റേറ്റ് ബാങ്ക് ജംക്ഷനിലെ സ്റ്റോപ്പ് പൂർണമായും ഒഴിവാക്കി.
ഇടുക്കിക്കവല, സെൻട്രൽ ജംക്ഷൻ, ഗുരുമന്ദിരം ജംക്ഷൻ എന്നിവിടങ്ങൾ ഗതാഗത തടസ്സമില്ലാത്ത രീതിയിൽ പുനഃക്രമീകരിക്കും. ∙ നഗരത്തിലെ റോഡരികുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ താൽക്കാലിക നിർമാണങ്ങളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.
∙ കുന്തളംപാറ – മാർക്കറ്റ് റോഡ് വഴി കുമളി, നെടുങ്കണ്ടം ഭാഗങ്ങളിലേക്കുള്ള ബസുകൾ ടൗണിലെ മെയിൻ റൂട്ടിലൂടെ സർവീസ് നടത്തും. തൊടുപുഴ, എറണാകുളം റൂട്ടുകളിലെ ബസുകൾ പള്ളിക്കവല ബൈപ്പാസ് വഴിയാക്കും.
∙ ട്രഷറി ജംക്ഷൻ – ടിബി ജംക്ഷൻ റോഡിനെ വൺവേ സംവിധാനത്തിലാക്കി മാറ്റാനും തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

