മല്ലപ്പള്ളിയിലെ കുന്നന്താനം പഞ്ചായത്ത് 11-ാം വാർഡ് ആഞ്ഞിലിത്താനം സ്വദേശിനിയായ അജിത (56) വലിയൊരു ചികിത്സാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാൻസർ ബാധിതയായ ഇവർക്ക് തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അത്യന്താപേക്ഷിതമാണ്.
കോട്ടയം മെഡിക്കൽ കോളജിൽ ഏഴ് കീമോതെറാപ്പി പൂർത്തിയാക്കിയെങ്കിലും രോഗം ഭേദമാകുന്നില്ലെന്ന് വ്യക്തമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ഇവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയയായി. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ എന്ന ചികിത്സാ മാർഗം സ്വീകരിച്ചാൽ മാത്രമേ രോഗമുക്തി സാധ്യമാകൂ എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനായി 48 ലക്ഷം രൂപയാണ് ചികിത്സാ ചെലവായി കണക്കാക്കുന്നത്. കുടുംബാംഗങ്ങളുടെ സ്റ്റെം സെൽ രോഗിയുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി വെല്ലൂരിലെ ഹെമറ്റോളജി വിഭാഗത്തിൽ സാമ്പിളുകൾ നൽകിയിരിക്കുകയാണ്.
അജിതയുടെ ഭർത്താവ് എം.സി.മനോഹരൻ ഫ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തിയാണ് കുടുംബം പുലർത്തുന്നത്. ഇവരുടെ മാതാപിതാക്കളും വിദ്യാർഥികളായ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഏകദേശം 25 വർഷത്തോളം സ്വകാര്യ സ്കൂളിൽ സംഗീത അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അജിത. ഇതിനകം നാട്ടുകാരുടെ സഹായത്താലാണ് പ്രാഥമിക ചികിത്സകൾ നടത്തി വന്നത്.
പഞ്ചായത്ത് ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ സഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും വൻ തുക ആവശ്യമുള്ളതിനാൽ കുടുംബം വലിയ ആശങ്കയിലാണ്. ചികിത്സാ സഹായത്തിനായി കോഴഞ്ചേരി ആക്സിസ് ബാങ്കിൽ അജിത.പി.ആർ എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഉദാരമതികളായ വ്യക്തികളുടെ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

