തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കൂറ്റൻ പൈലിങ് യന്ത്രം ചരിഞ്ഞ സംഭവത്തിന് പിന്നാലെ, സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സൈറ്റുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകി. സ്റ്റേഷന്റെ പുതിയ നോർത്ത് ബ്ലോക്ക് നിർമാണത്തിനായി പഴയ ഓഫിസ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ സ്ഥലത്താണ് പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
കെട്ടിടങ്ങൾ പൊളിച്ചതിനെത്തുടർന്നുണ്ടായ വലിയ കുഴികൾ മണ്ണിട്ട് നികത്തിയിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മണ്ണ് താഴ്ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഓരോ തൂണിനും ഒൻപത് പൈലുകൾ വീതമാണ് ഇവിടെ സ്ഥാപിക്കേണ്ടത്.
ഇതിൽ അഞ്ച് പൈലുകളുടെ നിർമാണം പൂർത്തിയായതിന് പിന്നാലെ, ബാക്കിയുള്ളവയുടെ ജോലികൾ നടക്കവെയാണ് വ്യാഴാഴ്ച ഉച്ചയോടെ പൈലിങ് യന്ത്രം ചരിഞ്ഞത്. സംഭവത്തെത്തുടർന്ന് മണിക്കൂറുകളോളം ഒന്നാം നമ്പർ, രണ്ടാം നമ്പർ പ്ലാറ്റ്ഫോമുകളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
റെയിൽവേ ബോർഡ് ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അപകടത്തിൽപ്പെട്ട
പൈലിങ് യന്ത്രം നീക്കം ചെയ്യുന്നതിനായി ക്രെയിൻ വാടക ഉൾപ്പെടെ ഏകദേശം 3 ലക്ഷം രൂപ ചെലവായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുടർനിർമാണ പ്രവർത്തനങ്ങളിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

