ഓണാട്ടുകരയുടെയും ആറന്മുളയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകം ഒത്തുചേരുന്ന കാഴ്ചയാണ് ഇത്തവണയും ചെന്നിത്തല പള്ളിയോടത്തിന്റെ ആറന്മുളയിലേക്കുള്ള യാത്ര. വള്ളസദ്യയിലും ഉത്തൃട്ടാതി ജലമേളയിലും പങ്കെടുക്കാൻ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചെത്തുന്ന പള്ളിയോടമെന്ന പ്രത്യേകത ചെന്നിത്തലയ്ക്കുണ്ട്.
തിരുവാറന്മുളയപ്പന്റെ തിരുസന്നിധിയിലേക്ക് അച്ചൻകോവിലാട്ടിൽ നിന്നു തുഴഞ്ഞെത്തുന്ന ഏക പള്ളിയോടവും ഇതുതന്നെയാണ്. അച്ചൻകോവിലാർ, കുട്ടമ്പേരൂരാറ്, പമ്പാനദി എന്നീ മൂന്ന് നദികൾ താണ്ടി ഏകദേശം 80 കിലോമീറ്റർ ദൂരം പിന്നിട്ടാണു ചെന്നിത്തല പള്ളിയോടം ആറന്മുളയിലെത്തുന്നത്.
ലോകനാഥനായ തിരുവാറന്മുളയപ്പന്റെയും പടിഞ്ഞാറു ദർശനമരുളുന്ന ഗ്രാമദേവനായ ചാലയിൽ മഹാദേവന്റെയും ഗ്രാമദേവത കണ്ണന്നൂർ അമ്മയുടെയും ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര അമ്മയുടെയും ആശീർവാദങ്ങളോടെ തിരുവാറന്മുളയപ്പനു തിരുമുൽകാഴ്ച്ചയുമായി പള്ളിയോടം എത്തുമ്പോൾ ഇത് 132-ാമത് വർഷത്തിലേക്ക് കടക്കുന്നു. 93-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലാണു പള്ളിയോടമുള്ളത്.
2010ൽ ചങ്ങങ്കരി വേണു ആചാരിയുടെ കരവിരുതിൽ പുതുക്കിപ്പണിത് അച്ചൻകോവിലാറ്റിൽ നീരണഞ്ഞതാണ് ഈ വള്ളം. കഴിഞ്ഞ വർഷം അയിരൂർ സന്തോഷ് ആചാരിയുടെ കരവിരുതിൽ പള്ളിയോടം നവീകരിച്ചിരുന്നു.
ആറന്മുള ജലോത്സവത്തിൽ 1976, 1999 എന്നീ വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019 ൽ മൂന്നാം സ്ഥാനവും, 2023ൽ നാല്, 2024 അഞ്ച് സ്ഥാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2011, 2014 വർഷങ്ങളിൽ ആർ.ശങ്കർ സുവർണ ട്രോഫി ഉൾപ്പെടെ ഒട്ടേറെത്തവണ ചമയത്തിനും നല്ലതായി പാടി തുഴഞ്ഞതിനും ഉള്ള സമ്മാനങ്ങളും ചെന്നിത്തല പള്ളിയോടം സ്വന്തമാക്കിയിട്ടുണ്ട്.
17 അടിയുള്ള അമരം 5 ഭാഗങ്ങളായി നിർമിക്കേണ്ടി വന്ന പ്രത്യേകതയും ചെന്നിത്തല പള്ളിയോടത്തിനുണ്ട്. യാത്രയ്ക്കിടയിൽ 17 പാലങ്ങൾ കടന്നുവേണം ആറന്മുളയിലെത്താൻ.
ഇതിൽ മിക്കവയും ഉയരമില്ലാത്തവയായതിനാൽ, പാലത്തിനടുത്തെത്തുമ്പോൾ അമരത്തിന്റെ ഓരോ ഭാഗവും ഊരിമാറ്റിയാണ് വള്ളം കടത്തിവിടുന്നത്. പ്രധാന സവിശേഷതകൾ:
* നീളം: 41 കോൽ
* ഉടമം: 60 അംഗുലം
* അമരപ്പൊക്കം: 17 അടി
* ക്രൂ വിവരങ്ങൾ: അമരക്കാർ 4, പാട്ടുകാർ 4, നിലയാളുകൾ 3, തുഴച്ചിലുകാർ 53 ഉൾപ്പെടെ ആകെ 64 പേർ.
പള്ളിയോട പ്രതിനിധികൾ:
ആർ.രാകേഷ്, സന്തോഷ് കുമാർ ചാല, ക്യാപ്റ്റൻ എസ്.സുധീഷ് കുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

