മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ സംഘടന പ്രസിഡന്റ് കൂടിയായ ശേവത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് പിഷാരടി രംഗത്ത്.
ജനപ്രതിനിധിയായ തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട കേസിൽ എതിർകക്ഷിയാക്കിയിരിക്കുന്നതെന്ന് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
യാതൊരുവിധ നിയമപരമായ അടിത്തറയോ ന്യായീകരണമോ ഇല്ലാതെയുള്ള ഈ നടപടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമ്മയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് ശ്വേത മേനോൻ നൽകിയ കേസിലാണ് പിഷാരടിയെ എതിർകക്ഷിയാക്കിയിട്ടുള്ളത്.
കേസിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ സംബന്ധിച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ താൻ പാലക്കാത്തേക്ക് മടങ്ങിയിരുന്നുവെന്ന് പിഷാരടി വ്യക്തമാക്കി.
അതിനുശേഷമുള്ള സംഭവവികാസങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. തുടർന്ന് ശ്വേത മേനോന്റെ കണക്കുകളുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉടലെടുക്കുകയും, അവർ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുറത്തുപോവുകയാണെന്ന് ചില മുതിർന്ന അംഗങ്ങൾ വിളിച്ചറിയിക്കുകയും ചെയ്തു.
പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ സമിതി നിലവിൽ വരുന്നത് വരെ താൽക്കാലികമായി ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയാണെന്നും, അതിന് നേതൃത്വം നൽകണമെന്നും മുതിർന്ന അംഗങ്ങൾ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ നന്മയെക്കരുതി ആ ചുമതല ഏറ്റെടുത്തത്. എന്നാൽ, ഇതിന്റെ പിറ്റേന്ന് ചേർന്ന അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷമാണ് ഒരു ജനപ്രതിനിധിയായ (എംഎൽഎ) തനിക്ക് ഈ പദവി ചേരില്ലെന്ന് ബോധ്യപ്പെട്ടത്.
ഉടൻതന്നെ ഈ കാര്യം തന്നോട് നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട മുതിർന്ന അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അമ്മയുടെ ഔദ്യോഗിക രേഖകളോ മിനിറ്റ്സോ താൻ കൈപ്പറ്റുകയോ കൈവശം വെക്കുകയോ ചെയ്തിട്ടില്ല. ഈ വസ്തുതകൾ നിലനിൽക്കെയാണ് ശ്വേത മേനോൻ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചതെന്നും, തന്നെ ഈ കേസിൽ കക്ഷിയാക്കാൻ യാതൊരുവിധ ന്യായവുമില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

