വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായുള്ള കൺസഷൻ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് അദാനി പോർട്സ് സ്പെഷൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി. എംഎസ്സി കമ്പനിക്ക് 49% ഓഹരി കൈമാറുന്നതുമായി ബന്ധപ്പെട്ട
കരാർ, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ച ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ ഓഹരി ഘടനയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ഓഹരി വിൽപന സംബന്ധിച്ച കരാർ പൂർത്തിയാക്കിയ ശേഷം മാത്രമാണ് സർക്കാർ അനുമതിക്കായി സമീപിക്കാൻ സാധിക്കുക. ഈ നടപടിക്രമമാണ് നിലവിൽ കമ്പനി സ്വീകരിച്ചിരിക്കുന്നത്.
‘സെബി’ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ഓഹരി വിൽപന സംബന്ധിച്ച വിവരങ്ങൾ ആദ്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെയും പിന്നീട് സംസ്ഥാന സർക്കാരിനെയും അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഹരി കൈമാറ്റം പൂർത്തിയായ ശേഷവും തുറമുഖത്തിന്റെ നിയന്ത്രണം അദാനി പോർട്സിൽ തന്നെ തുടരും.
ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഭൂരിപക്ഷം പേരെ നിയമിക്കാനുള്ള അധികാരം അദാനി പോർട്സിന് തന്നെയായിരിക്കും. അതേസമയം, ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായ പ്രാതിനിധ്യം ബോർഡിൽ എംഎസ്സിക്കും ലഭ്യമാകും.
ഈ പങ്കാളിത്തം ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് വലിയ ഉണർവേകുമെന്ന് അശ്വനി ഗുപ്ത വിലയിരുത്തി. വിദേശ സ്വകാര്യ കമ്പനിയുടെ വലിയ നിക്ഷേപം എത്തുന്നതോടെ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തുകയും, തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യും.
കൂടാതെ തുറമുഖവുമായി ബന്ധപ്പെട്ട ചെറുകിട-മധ്യ വ്യവസായ മേഖലകൾക്കും ഇത് ഗുണകരമാകും.
കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് എക്സിം, ക്രൂയിസ്, ബങ്കറിങ് തുടങ്ങിയ എല്ലാ വാണിജ്യ മേഖലകളും വികസിപ്പിക്കും. നിലവിൽ പ്രദേശവാസികൾക്കായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതികളിൽ ഭാവിയിൽ എംഎസ്സിയുടെ സഹകരണവും ഉണ്ടാകും.
സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

