മലങ്കര ജലാശയത്തിലേക്ക് രാസവസ്തുക്കളും മലിനജലവും ഒഴുക്കിവിടുന്ന നടപടി കർശനമായി തടയണമെന്ന് ആവശ്യപ്പെട്ട് മലങ്കര ജലാശയ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇളംദേശത്തുനിന്നും ആലക്കോട് വില്ലേജ് ഓഫിസ് പടിക്കലേക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരയാത്രയിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.
ഫാക്ടറികളിൽ പ്ലൈവുഡ് ഉത്പാദനത്തിനായി ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് അടങ്ങിയ പശകൾ, മറ്റ് രാസവസ്തുക്കൾ, പുറന്തള്ളുന്ന മലിനജലം, വിഷാംശമുള്ള ചാരം, നിർമാണ പൊടികൾ തുടങ്ങിയ ഖര-ദ്രവ മാലിന്യങ്ങളെല്ലാം വടക്കനാറിലൂടെയാണ് മലങ്കര ജലാശയത്തിൽ എത്തിച്ചേരുന്നത്. ഈ രീതിയിലുള്ള മാലിന്യ നിക്ഷേപം മൂലം ഉണ്ടാകുന്ന വായു, ജല, മണ്ണ് മലിനീകരണങ്ങൾ പ്രദേശവാസികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 6നാണ് രാസവസ്തുക്കൾ കലർന്ന അശുദ്ധ ജലം ജലാശയത്തിൽ വ്യാപകമായി കാണപ്പെട്ടത്. ഈ ഗുരുതര സാഹചര്യത്തിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ജില്ലാ കലക്ടർ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരുന്നു.
ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകൾ, നഗരസഭകൾ, കൂടാതെ കൊച്ചി കോർപറേഷൻ പരിധിയിലുള്ളവരുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സിനെയാണ് ഈ രാസമാലിന്യങ്ങൾ പ്രതികൂലമായി ബാധിക്കുന്നത്. മലങ്കര ജലാശയത്തെ ഔദ്യോഗികമായി ശുദ്ധജല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ജലാശയത്തിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് പൂർണ്ണമായും തടയുക, പ്രദേശത്ത് പുതിയ ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

