വാട്ടർ സല്യൂട്ടിന്റെ ഭാഗമായി ടഗുകളിൽ നിന്നു ചീറ്റിയ വെള്ളത്തിന്റെ തിരശീലയ്ക്കു നടുവിലൂടെ തന്റെയടുത്തേക്ക് ഒഴുകിയെത്തുന്ന പായ്ക്കപ്പൽ കണ്ടപ്പോൾ മൂന്നര വയസ്സുകാരി ഋതുഭദ്രയുടെ കണ്ണിൽ കൗതുകം. പായ്ക്കപ്പലിന്റെ ഡെക്കിൽത്തന്നെ അച്ഛനെ കണ്ടപ്പോൾ കൗതുകം ആഹ്ലാദമായി.
അമ്മ ശ്രീലക്ഷ്മിയുടെ ഒക്കത്തിരുന്നു പുഞ്ചിരിച്ചു കൈവീശി. കപ്പലിൽ നിന്നിറങ്ങി അടുത്തെത്തിയ അച്ഛന്റെ ഒക്കത്തേക്കുള്ള സ്ഥാനക്കയറ്റം പെട്ടെന്നായിരുന്നു.
പിന്നെ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ. 10 മാസത്തെ ലോകപര്യടനം പൂർത്തിയാക്കി ഇന്നലെ നാവികാസ്ഥാനത്തു മടങ്ങിയെത്തിയ പായ്ക്കപ്പൽ ഐഎൻഎസ് സുദർശിനിയിലെ ലീഡിങ് മെഡിക്കൽ ഓഫിസർ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അനന്തു എ.വി.
നായർയുടെ മകളാണു ഋതുഭദ്ര. കണ്ണീരും പുഞ്ചിറിയും പങ്കുവച്ചായിരുന്നു കപ്പലിലെ നാവികരുടെയും കുടുംബാംഗങ്ങളുടെയും 10 മാസത്തിനു ശേഷമുള്ള പുനഃസമാഗമം.
കമാൻഡിങ് ഓഫിസർ കമഡോർ രവികാന്ത് നന്ദൂരിയുടെ നേതൃത്വത്തിലുള്ള ഐഎൻഎസ് സുദർശിനിയിലെ നാവികർക്കു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേനയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണമൊരുക്കി. കാറ്റിനെ മാത്രം ആശ്രയിച്ച് 287 ദിവസം കൊണ്ട് 22,000 നോട്ടിക്കൽ മൈലിലേറെ(40,744 കിലോമീറ്റർ) താണ്ടിയാണു കപ്പൽ മാതൃതുറമുഖത്തേക്കു മടങ്ങിയെത്തിയത്.
നാലു ഭൂഖണ്ഡങ്ങളും 13 രാജ്യങ്ങളും 18 തുറമുഖങ്ങളും കപ്പൽ താണ്ടി. സൗഹൃദ നാവികസേനകളുടെ ഐക്യവും സമുദ്രസുരക്ഷയും ഊട്ടിയുറപ്പിക്കാനായി ആവിഷ്കരിച്ച ‘മഹാസാഗർ’ ദൗത്യത്തിന്റെ ഭാഗമായി ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം മുന്നോട്ടുവച്ചായിരുന്നു സമുദ്രാന്തരപര്യടനം.
19 ദിവസം നീണ്ട ലാപ്പിൽ പ്രതികൂല സാഹചര്യങ്ങളോടും പ്രക്ഷുബ്ധമായ കടലിനോടും പൊരുതി അറ്റ്ലാന്റിക് സമുദ്രം കുറുകെക്കടന്നതാണു യാത്രയിലെ പ്രധാന വെല്ലുവിളിയെന്നു കമാൻഡിങ് ഓഫിസർ കമഡോർ രവികാന്ത് നന്ദൂരി പറഞ്ഞു.
2012ൽ കമ്മിഷൻ ചെയ്ത ഐഎൻഎസ് സുദർശിനിയുടെ ആദ്യ ‘ലോകയാൻ’ യാത്രയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

