നയരൂപീകരണത്തിന് മുൻപ് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് തിരിച്ചടി. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവിന് സ്റ്റേ ലഭിച്ചില്ല.
ഡെപ്യൂട്ടി കമ്മിഷണർമാരായ സതീഷ് പി കെ, ഷിബു പി എൽ എന്നിവരാണ് ആശ്വാസം തേടി ട്രിബ്യൂണലിനെ സമീപിച്ചത്. എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളിലാണ് ഇവർ ഹർജി സമർപ്പിച്ചത്.
സംഭവത്തിൽ കർശന നിലപാടുമായി എക്സൈസ് വകുപ്പ് മന്ത്രി എം ലിജു രംഗത്തെത്തി. ബാർ ലൈസൻസുകൾ നൽകിയ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടതുസർക്കാരിനോട് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ എം ലിജു, എം ബി രാജേഷിനോടുള്ള തന്റെ വിയോജിപ്പും തുറന്നുപറഞ്ഞു. ചുമതലയേറ്റെടുത്ത ആദ്യ ദിവസങ്ങളിൽ എക്സൈസ് കമ്മീഷണർക്ക് കാര്യങ്ങളിൽ പൂർണ്ണമായ ധാരണ വന്നിട്ടുണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
എക്സൈസ് കമ്മീഷണറെ മാറ്റുന്നത് ഭരണപരമായ കാര്യങ്ങളുടെ ഭാഗമാണ്. സർക്കാർ അറിയാതെ പല തീരുമാനങ്ങളും താഴെത്തട്ടിൽ എടുക്കാൻ അനുവാദം നൽകുന്നതാണ് നിലവിലെ ചട്ടമെന്നും, അത് മുൻ സർക്കാർ ഉണ്ടാക്കിയതാണെന്നും മന്ത്രി എം ലിജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

