കോട്ടയം–കൊല്ലം മെമുവിന്റെ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് ആശങ്കയേറുന്നു. സർവീസിന്റെ സമയം പുനഃക്രമീകരിക്കുന്നതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്ന നിരവധി പേരുടെ യാത്രാക്രമങ്ങൾ താളംതെറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെ പ്രധാന ആശ്രയമാണ് ഈ തീവണ്ടി. പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമ്പോൾ യാത്രാസമയം ഏകദേശം ഒരു മണിക്കൂറോളം വൈകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വൈകുന്നേരം 5.40-നു പകരം 6.45-ന് മാത്രമേ മെമു കോട്ടയത്ത് എത്തിച്ചേരുകയുള്ളൂ. ഇത് ജോലികഴിഞ്ഞും പഠനാവശ്യങ്ങൾക്കായും എത്തുന്നവർക്ക് വലിയ തോതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാത്രി 6.45-നു മുൻപായി വീട്ടിൽ എത്തിച്ചേരാൻ സാധിച്ചിരുന്ന സൗകര്യമാണ് ഇല്ലാതാകുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർക്ക് കായംകുളത്ത് ഇറങ്ങി മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് കണക്ഷനായി ലഭിച്ചിരുന്ന സൗകര്യവും ഇതുമൂലം നഷ്ടപ്പെടും.
ഉൾപ്രദേശങ്ങളിലേക്ക് രാത്രി സമയത്ത് ബസ് ലഭ്യമല്ലാതാകുന്നതും യാത്രക്കാരെ വലയ്ക്കും. പ്രതിഷേധവുമായി വിവിധ സംഘടനകൾ
യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം–കൊല്ലം മെമു എറണാകുളത്തേക്കു നീട്ടിയതു റദ്ദാക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ സമയം ജീവനക്കാർക്ക് ഏറെ സഹായകരമായിരുന്നുവെന്നും പുതിയ തീരുമാനം നൂറുകണക്കിന് ആളുകളെ ബാധിക്കുമെന്നും സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ.മാത്യു വ്യക്തമാക്കി.
വൈകുന്നേരം 3.25-നു ശേഷം കൊല്ലം ഭാഗത്തേക്ക് പുതിയ സമയപ്രകാരം 6.45-ന് മാത്രമേ ട്രെയിനുള്ളൂവെന്നും ഇത് ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ റെയിൽവേ അടിയന്തരമായി ഇടപെടണമെന്ന് എൻജിഒ സംഘ് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നു കോട്ടയത്തു വന്നു പോകുന്നവർക്ക് മെമുവിന്റെ സമയമാറ്റം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പുതിയ ട്രെയിൻ അനുവദിക്കുകയോ സർവീസ് നീട്ടിയ നടപടി പിൻവലിക്കുകയോ ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

