അങ്കമാലിയിൽ നിർദിഷ്ട കുണ്ടന്നൂർ ബൈപാസിൽ തുറവാൽ തോടിനു സമീപത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പുതിയ റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചകൾ സജീവമാകുന്നു.
കുണ്ടന്നൂർ ബൈപാസ് കടന്നുപോകുന്നതിനു സമീപത്തായി തുറവാൽ തോടിനോട് ചേർന്ന് സിയാലിന് സ്വന്തമായി ഭൂമിയുണ്ട്. ഈ ഭൂമിയോടൊപ്പം അൽപ്പം കൂടി സ്ഥലം ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് സുഗമമായ റോഡ് യാഥാർത്ഥ്യമാക്കാൻ സാധിക്കും.
നിലവിൽ അങ്കമാലിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് കുറുകെ കടന്ന്, വിമാനത്താവളത്തിന്റെ മുന്നിലേക്ക് എത്തുന്ന രീതിയിലാകും കുണ്ടന്നൂർ ബൈപാസ്–വിമാനത്താവളം റോഡിന്റെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. നിർദിഷ്ട
റോഡിന്റെ ഭൂരിഭാഗവും പാടശേഖരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭൂമി ഏറ്റെടുക്കേണ്ടതും നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടതും സിയാൽ തന്നെയാണ്.
വിമാനത്താവളം ആരംഭിച്ച കാലം മുതൽ ഇവിടെ നിന്നും അങ്കമാലിയിലേക്ക് മികച്ചൊരു ഗതാഗത സൗകര്യം വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഇതുവരെ അത് നടപ്പായിരുന്നില്ല. എംസി റോഡിൽ നായത്തോട് ജംക്ഷനിൽ നിന്നു കവരപ്പറമ്പ് പള്ളി വരെയുള്ള ഭാഗം മാത്രമാണ് റോഡ് വീതികൂട്ടി ടാറിങ് നടത്തിയിട്ടുള്ളത്.
എന്നാൽ അവിടുന്ന് വിമാനത്താവളം വരെയുള്ള ഭാഗം ഇതുവരെ വീതി കൂട്ടി പുനർനിർമിച്ചിട്ടില്ല. ഇവിടത്തെ ഒട്ടേറെ വളവുകളും വീതികുറവും അങ്കമാലി ഭാഗത്തു നിന്നു വരുന്ന യാത്രക്കാരെ വലിയ തോതിലാണ് ദുരിതത്തിലാക്കുന്നത്.
അതേസമയം, ബൈപാസ് പദ്ധതിയുടെ നടപടിക്രമങ്ങൾ വൈകുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. പദ്ധതിക്ക് ആവശ്യമായ 3എ വിജ്ഞാപനം ഇതുവരെ ഇറങ്ങാത്തത് റോഡ് നിർമാണം വൈകുന്നതിന് കാരണമാകും.
ബൈപാസ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയിൽ അറിയിച്ചിരുന്നു. എന്നാൽ പുതുക്കിയ പദ്ധതിപ്രകാരം ബൈപാസ് കൊച്ചി വിമാനത്താവളത്തിനു സമീപത്തു നിന്ന് ആരംഭിക്കുമെന്ന മന്ത്രിയുടെ പരാമർശം ചില തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയിട്ടുണ്ട്.
പ്രാഥമിക അലൈൻമെന്റ് പഠിച്ചശേഷം അലൈൻമെന്റ് അപ്രൈസൽ കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അലൈൻമെന്റ് അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. നേരത്തെ ദേശീയപാത 544ലെ കരയാംപറമ്പിൽ നിന്നാരംഭിക്കുന്ന തരത്തിൽ കല്ലിടൽ പൂർത്തിയാക്കിയിരുന്നു.
പുതുക്കിയ അലൈൻമെന്റിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോയെന്ന് അറിയണമെങ്കിൽ 3 എ വിജ്ഞാപനം പുറത്തുവരുന്നതു വരെ കാത്തിരിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

