കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്.
സ്ത്രീകളെ എല്ലാ രംഗത്തുനിന്നും ഇസ്ലാം തടഞ്ഞിട്ടില്ലെന്നും, സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്നും, എന്നാൽ ചിലയാളുകൾ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നും, ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്.
അതുകൊണ്ടുതന്നെ സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് പ്രകോപനത്തിന് കാരണം.
മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്.
നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കരുതെന്നുമായിരുന്നു മഹല്ലുകൾക്ക് നൽകിയ സർക്കുലറിലെ നിർദ്ദേശം. സംഭവത്തിൽ വ്യാപക വിമർശനങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

