കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴയാണ് പെയ്തിറങ്ങിയത്.
ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള കാലയളവിൽ 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. കോഴിക്കോട്ട് 257.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ, പത്തനംതിട്ടയിൽ സാധാരണയേക്കാൾ 533 ശതമാനം അധിക മഴയാണ് ലഭിച്ചത്.
കൂടാതെ, കണ്ണൂരിൽ 227 മില്ലിമീറ്റർ, ഇടുക്കിയിൽ 210 മില്ലിമീറ്റർ, മലപ്പുറത്ത് 205 മില്ലിമീറ്റർ, കോട്ടയത്ത് 199.3 മില്ലിമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു. ഇതിനിടയിൽ, സംസ്ഥാനത്തുണ്ടായ മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു.
കോട്ടയം ആറുമാനൂരിൽ വെള്ളത്തിൽ വീണ് അയർക്കുന്നം സ്വദേശിയായ യുവാവാണ് ദാരുണമായി മരിച്ചത്. പന്തളം കരിങ്ങാലി പുഞ്ചയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപെട്ട് മറ്റൊരു യുവാവിനെ കാണാതായിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും വീട് പൂർണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
കഴിഞ്ഞ രാത്രിയിലും ഇന്നത്തെ രാവിലെയുമായി പെയ്ത കനത്ത മഴ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പത്തനംതിട്ട
ആറന്മുളയിലും ആലപ്പുഴയുടെ അപ്പർ കുട്ടനാട് മേഖലയിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ആറന്മുളയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ പ്രദേശങ്ങളിൽ നിന്ന് ആളുകളെ പൂർണ്ണമായി മാറ്റിപ്പാർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. അപ്പർ കുട്ടനാട്ടിലെ വെള്ളക്കെട്ടുകളിൽ നിരവധി കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രധാന റോഡുകളിലെ ഗതാഗതവും സ്തംഭിച്ചു. അതേസമയം, വെള്ളം ഇറങ്ങിത്തുടങ്ങിയ റാന്നിയിൽ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യനീക്കവും ആരംഭിച്ചിട്ടുണ്ട്.
വടക്കൻ ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് വീടുകൾ തകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

