കൊല്ലം – ഡിണ്ടിഗൽ ദേശീയപാത 183 (എൻഎച്ച് 183) ഇനി മുതൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതുവരെ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് (മോർത്ത്) കീഴിലായിരുന്ന ഈ പാതയുടെ പരിപാലനവും വികസന പ്രവർത്തനങ്ങളും എൻഎച്ച്എഐ ഏറ്റെടുത്തതോടെ ദീർഘകാലമായി നിലനിന്നിരുന്ന ഭരണപരമായ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമായി.
കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗമായിരുന്നു ഇതുവരെ ഇത്തരം ജോലികൾ നിർവഹിച്ചിരുന്നത്. പുതിയ മാറ്റത്തോടെ നിർമാണ പ്രവൃത്തികൾ എൻഎച്ച്എഐ നേരിട്ട് നടപ്പിലാക്കും.
പാതയുടെ ഘടനയും വികസനവും
കൊല്ലം ഹൈസ്കൂൾ ജംക്ഷനിൽ തുടങ്ങി തമിഴ്നാട്ടിലെ ഡിണ്ടിഗൽ വരെ നീളുന്നതാണ് ഈ ദേശീയപാത. കേരളത്തിൽ കൊല്ലം മുതൽ കുമളി വരെ 216 കിലോമീറ്ററും തമിഴ്നാട്ടിൽ 134 കിലോമീറ്ററും ഉൾപ്പെടെ ആകെ 350 കിലോമീറ്റർ ദൂരമാണ് ഈ പാതയുടെ ദൈർഘ്യം.
ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംക്ഷൻ വരെയുള്ള ഭാഗം എംസി റോഡിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. കൂടാതെ കോട്ടയം ഗാന്ധിസ്ക്വയർ മുതൽ കുമളി വരെയുള്ള കെകെ റോഡും ഈ ദേശീയപാതയുടെ ഭാഗമാണ്.
കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള 54.37 കിലോമീറ്റർ നാലുവരിപ്പാതയാക്കുന്നതിനായി കേന്ദ്ര സർക്കാർ 1663.15 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂർ മുതൽ കുമളി വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ പുതിയ കൺസൽറ്റൻസിയെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു.
കോട്ടയം മേഖലയിലെ നവീകരണം
കോട്ടയം മുതൽ പുളിക്കൽ കവല വരെയുള്ള ദേശീയപാത 183-ന്റെ നവീകരണത്തിനായുള്ള സർവേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
150 കോടി രൂപ ചെലവിൽ നിലവിലുള്ള റോഡ് 10 മീറ്റർ വീതിയിൽ നവീകരിക്കുന്നതാണ് പദ്ധതി. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇതിനായി ഒൻപതംഗ സർവേ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു.
ഇക്കാര്യത്തിൽ എംപി വ്യക്തമാക്കിയത് ഇങ്ങനെ: “ചെങ്ങന്നൂർ മുതൽ കുമളി വരെയുള്ള ഭാഗം നവീകരിക്കുന്നതു സംബന്ധിച്ചു പഠനം നടത്തുന്നതിനായി ഏജൻസിയെ ഉടൻ നിയോഗിക്കും. ഒരു വർഷമാണു പഠന കാലാവധി.
നേരത്തേ നടത്തിയ പഠനത്തിൽ കോട്ടയത്ത് പുതിയ ബൈപാസ് നിർമിക്കാനുള്ള ശുപാർശയാണ് ഉണ്ടായിരുന്നത്. പുതിയ പഠനത്തിലും ഈ നിർദേശം ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെടും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

