അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ഡീഗോ അതിർത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഒരു കട കേന്ദ്രീകരിച്ച് നടന്നുവന്ന വൻകിട
മയക്കുമരുന്ന് കടത്ത് സംഘത്തെ യുഎസ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ‘ബൈ ഫോർ ലെസ്’ എന്ന പേരിൽ ഹോൾസെയിൽ കച്ചവട
സ്ഥാപനം എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. 2005 മുതൽ യുഎസ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഈ കേന്ദ്രം.
ഒട്ടായ് മേസ പോർട്ട് ഓഫ് എൻട്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ കടയുടെ മറവിൽ വലിയ തോതിൽ ലഹരിമരുന്ന് കടത്ത് നടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. റെയ്ഡിൽ 45 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 1,029 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ അമേരിക്കക്കാരും രണ്ടുപേർ മെക്സിക്കോക്കാരുമാണ്.
നിഗൂഢ തുരങ്കം
കടയ്ക്കുള്ളിലെ സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയിൽ നിന്നും അതിർത്തി കടന്നുള്ള ഒരു വലിയ തുരങ്കം കണ്ടെത്തിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ബലപ്പെടുത്തിയ ഈ തുരങ്കത്തിന് 1,933 അടി (590 മീറ്റർ) നീളവും 55 അടി (16.8 മീറ്റർ) ആഴവുമുണ്ട്.
4.5 അടി (1.4 മീറ്റർ) ഉയരമുള്ള തുരങ്കം മെക്സിക്കൻ ഭാഗത്തേക്ക് 800 അടിയോളം നീളുന്നു. വൈദ്യുതി, റെയിൽ, വായുസഞ്ചാര സംവിധാനങ്ങൾ എന്നിവയോട് കൂടിയ ഈ തുരങ്കത്തിലേക്ക് ഹൈഡ്രോളിക് ലിഫ്റ്റ് വഴിയാണ് പ്രവേശനം സാധ്യമാക്കിയിരുന്നത്.
പ്രശസ്ത മെക്സിക്കൻ മയക്കുമരുന്ന് സംഘമായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ ആണ് ഈ തുരങ്കത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലൂടെ ആയുധങ്ങളും ടൺ കണക്കിന് മയക്കുമരുന്നും കടത്താൻ ഈ പാത ഉപയോഗിച്ചതായാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

