നെടുമങ്ങാട് നടന്ന ഒന്നര വയസുകാരന് അര്‍ഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഒന്നാം പ്രതി അഷ്കറിന്റെ മാതാവ് രംഗത്ത്.
കുഞ്ഞിന് ആഹാരം നൽകുന്നതിനിടെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് അഷ്കര്‍ കുഞ്ഞിനെ ചവിട്ടിയതാകാമെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ ഉപദ്രവിക്കുന്നത് താൻ നേരത്തെ കണ്ടിട്ടുണ്ടെന്നും, സംഭവത്തിന് ശേഷം കുഞ്ഞിന്റെ കൈ ഒടിഞ്ഞ വിവരം ഒരാഴ്ച വൈകിയാണ് അറിഞ്ഞതെന്നും അവർ വെളിപ്പെടുത്തി.
സംഭവദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് അഷ്കറിന്റെ അമ്മ പറയുന്നത് ഇങ്ങനെയാണ്: ‘‘പെരുന്നാള്‍ തലേന്ന് തമിഴ്നാട്ടില്‍ പരിപാടിയുണ്ടെന്നു പറഞ്ഞാണ് അഖില വീട്ടില്‍നിന്നിറങ്ങിയത് കുഞ്ഞിനു പനിയുള്ളതിനാല്‍ ആശുപത്രിയില്‍ കാണിച്ചു കുഞ്ഞിനെയും കൂടി കൊണ്ടുപോകാന്‍ അഖിലയോടു പറഞ്ഞിരുന്നു. ആശുപത്രി ചെലവിനായി അഷ്കറിന്റെ സഹോദരി 500 രൂപ നല്കി.
കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്കു പോകുന്നതാണ് കണ്ടത്. രാത്രി അഷ്കര്‍ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് കൈയിലുണ്ടായിരുന്നു.
കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് അഖിലയെ വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞിനെ പലതവണ പിതാവിന്റെ കുടുംബത്തിനു കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു.
അഖിലയ്ക്കും അഷ്കറിനും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു’’. കൂടാതെ, കുഞ്ഞിനെ അഷ്കര്‍ നുള്ളുന്നതും കമ്പുകൊണ്ട് അടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് അഷ്കറിന്റെ സഹോദരിയും സാക്ഷ്യപ്പെടുത്തി.
ഇവർ പറയുന്നു: ‘‘അങ്ങനെ ചെയ്യരുതെന്നു പലവട്ടം വിലക്കിയതാണ്. നോക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുഞ്ഞിനെ അഖിലയുടെ വീട്ടുകാര്‍ക്കു നല്കാന് ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞിനെ ഏറ്റെടുക്കാന്‍ പിതാവിന്റെ കുടുംബം സമ്മതിച്ചതാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ അമ്മ അഖില തയാറായില്ല.
അന്നു കുഞ്ഞിനെ കൈമാറിയിരുന്നെങ്കില്‍ ആ പിഞ്ചുകുഞ്ഞ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു’’. ഈ സംഭവത്തിൽ അഖിലയുടെ പേരിൽ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

