കോടഞ്ചേരി, ചെറുപുഴ എന്നിവിടങ്ങളിലെ വനമേഖലകളിൽ മൂട്ടിപ്പഴം സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നത് സഞ്ചാരികൾക്ക് വേറിട്ട കാഴ്ചാനുഭവമാകുന്നു.
തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഈരാറ്റുമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ, തോണിക്കയം എന്നിവിടങ്ങളിൽ മൂട്ടിപ്പുളി മരങ്ങൾ ചുവന്ന കായ്കളാൽ നിറഞ്ഞുനിൽക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള കുന്നേൽ ജോസിന്റെ കൃഷിയിടത്തിലെ മരങ്ങളിൽ കായ്കൾ നിറഞ്ഞുനിൽക്കുന്നത് കാണാനും ചിത്രങ്ങൾ പകർത്താനും വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പശ്ചിമഘട്ട വനങ്ങളിൽ കാണപ്പെടുന്ന അപൂർവ്വ നിത്യഹരിത വൃക്ഷമാണ് മൂട്ടിപ്പുളി.
മരത്തിന്റെ ശിഖരങ്ങളിലല്ല, മറിച്ച് തായ്ത്തടിയിൽ കൂട്ടമായി കായ്കൾ ഉണ്ടാകുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുകാരണം ‘മൂട്ടിപ്പഴം’, ‘കുന്തപ്പഴം’, ‘മൂട്ടിക്കായ്പൻ’ എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നു.
കട്ടിയുള്ള ചുവപ്പ് നിറത്തിലുള്ള തൊലിക്കുള്ളിൽ മധുരവും പുളിയും ചേർന്ന രുചിയുള്ള വെള്ളനിറത്തിലുള്ള ചുളകളാണ് ഉള്ളത്. ഡിസംബർ-ജനുവരി മാസങ്ങളിൽ പൂവിടുന്ന ഈ മരങ്ങൾ, പഴങ്ങൾ പാകമാകുമ്പോൾ കടുംചുവപ്പ് നിറത്തിൽ ദൃശ്യമാകും.
പുളിങ്ങോത്തിന് സമീപം കർണാടക വനമേഖലയിലും ഈ പഴങ്ങൾ ഇപ്പോൾ സമൃദ്ധമായി കാണാം. ആദിവാസി സമൂഹങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ഈ ഫലത്തിന്റെ രുചിയും ഔഷധഗുണവും മലയോര മേഖലയിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവരികയാണ്.
ഉദരസംബന്ധമായ രോഗങ്ങൾക്ക് ഈ പഴം മികച്ച ഔഷധമാണെന്ന് പറയപ്പെടുന്നു. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ പ്രധാന ഭക്ഷണകൂടിയാണിത്.
കർണാടക വനംവകുപ്പ് ഈ വൃക്ഷത്തിന്റെ തൈകൾ വനത്തിനുള്ളിൽ വ്യാപകമായി നട്ടുവളർത്തുന്നുണ്ട്. കർണാടകയിൽ ഒരു കിലോ മൂട്ടിപ്പഴത്തിന് 150 രൂപ വരെയാണ് വിലയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ധാരാളം മലയാളികൾ ഇതിന്റെ തൈകൾ തേടി വനംവകുപ്പിനെ സമീപിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

