മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. വെളിയംകോട്, ഹിളർപ്പള്ളി, പാലപ്പെട്ടി എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണത്തിൽ അഞ്ച് വീടുകൾ പൂർണ്ണമായി തകർന്ന് കടലെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെ തുടർന്ന് ഈ മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയായിരുന്നു. അപകടാവസ്ഥ മുൻകൂട്ടി കണ്ട് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഒരു വീട്ടിൽ മാത്രമാണ് സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നത്. അതിനിടെ, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുൾപ്പെടെയുള്ള വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മഴ കനത്തതിനെ തുടർന്ന് നിരവധി ഡാമുകളുടെ ഷട്ടറുകൾ ഇതിനോടകം തുറന്നിട്ടുണ്ട്.
മലയോര മേഖലകളിൽ വർഷപാതം ശക്തമായതോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുന്നതായി അധികൃതർ അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കടൽക്ഷോഭവും ഉയർന്ന തിരമാലകളും തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധന ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുന്നുണ്ട്. തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

