പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികളുടെ സർവീസിന് സംസ്ഥാനത്തുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂൾ സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്.
സ്കൂൾ ബസുകൾക്കും രക്ഷിതാക്കളുടെ വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ അവസരമൊരുക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും വരും ദിവസങ്ങളിൽ എംവിഡിയുടെ സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധന ശക്തമാക്കും. വിവിധ ജില്ലകളിലെ നിയന്ത്രണ സമയം താഴെ പറയുന്നതാണ്: തിരുവനന്തപുരം, കണ്ണൂർ: തിരുവനന്തപുരത്ത് രാവിലെ 8:00 മുതൽ 10:00 വരെയും വൈകുന്നേരം 3:00 മുതൽ 4:30 വരെയും നിയന്ത്രണമുണ്ട്.
കണ്ണൂരിൽ രാവിലെ 8:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ 6:00 വരെയുമാണ് ടിപ്പർ ലോറികൾക്ക് പ്രവേശനമില്ലാത്തത്. കൊല്ലം, പത്തനംതിട്ട: രാവിലെ 8:30 മുതൽ 10:00 വരെയും വൈകുന്നേരം കൊല്ലത്ത് 3:30 മുതൽ 4:30 വരെയും പത്തനംതിട്ടയിൽ 3:00 മുതൽ 4:30 വരെയുമാണ് നിരോധനം.
കോട്ടയം: രാവിലെ 8:30 മുതൽ 9:30 വരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമാണ് ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി, എറണാകുളം: ഈ ജില്ലകളിൽ രാവിലെ 8:30 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയുമാണ് വിലക്ക്.
കാസർകോട്: രാവിലെ 9:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയും ടിപ്പർ സർവീസുകൾ പാടില്ല. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്: ഈ ആറ് ജില്ലകളിലും ഒരേ സമയക്രമമാണ് നിലവിൽ വന്നിരിക്കുന്നത്.
രാവിലെ 8:30 മുതൽ 10:00 വരെയും വൈകുന്നേരം 3:30 മുതൽ 5:00 മണി വരെയും ടിപ്പർ വാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

