ലണ്ടന്‍: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ ഇറാന് നടത്തിയ സൈനിക ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയിലുള്ള 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും ലഭ്യമായ വീഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്തുകൊണ്ട് ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വലിയ തോതിലുള്ള തകര്‍ച്ച നേരിട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഓപ്പറേഷന് എപിക് ഫ്യൂറി ആരംഭിച്ചതിന് ശേഷം ഇറാനിലെ 13,000-ത്തിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും, ഇറാന് സൈന്യത്തെ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തെന്നുമാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്.
ഗള്‍ഫിലെ എട്ടു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. “ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ഇനി സുരക്ഷിതമല്ലെന്ന്” ചൊവ്വാഴ്ച ഇറാന് പരാമധികാര നേതാവ് മുജ്തബ ഖമനെയി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
നേരത്തെ പ്ലാനറ്റ് എന്ന ഉപഗ്രഹ ചിത്ര കമ്പനി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവന്നിരുന്നു. എന്നാല്‍, ഇറാന്റെയും പശ്ചിമേഷ്യയുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെ ഈ കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാകാതെ പോയി.
പ്ലാനറ്റിന്റെ പഴയ ചിത്രങ്ങളും മറ്റ് ഏജന്‍സികളുടെ ഉപഗ്രഹ ദൃശ്യങ്ങളും വീഡിയോകളും ക്രോഡീകരിച്ചാണ് ബിബിസി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. പ്രതിരോധ സംവിധാനങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ ഇവയാണ്: – മൂന്ന് യുഎസ് താവളങ്ങളിലെ ആന്റി ബാലിസ്റ്റിക് മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
100 കോടി ഡോളര്‍ വിലമതിക്കുന്ന ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (THAAD) ബാറ്ററികളില്‍ എട്ടെണ്ണം മാത്രമാണ് അമേരിക്കയുടെ പക്കലുള്ളത്.
– ഏകദേശം 70 കോടി ഡോളര്‍ വിലമതിക്കുന്ന ഇ-3 സെന്‍ട്രി (E-3 Sentry) നിരീക്ഷണ വിമാനത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
– ഗള്‍ഫിലെ താവളങ്ങളിലെ ഉപഗ്രഹ ആശയവിനിമയ ഉപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം നേരിട്ടു.
– പെന്റഗണിന്റെ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഓപ്പറേഷന് എപിക് ഫ്യൂറിയുടെ ആകെ ചിലവ് 2900 കോടി ഡോളറാണ്. ഇതില്‍ ഭൂരിഭാഗവും തകര്‍ന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് വിനിയോഗിക്കുന്നത്.
– എഫ്-15, എഫ്-35 യുദ്ധവിമാനങ്ങള്‍, 24 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, ഒരു എ-10 യുദ്ധവിമാനം എന്നിവയുള്‍പ്പെടെ കുറഞ്ഞത് 42 യുഎസ് വിമാനങ്ങളെങ്കിലും തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

