കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഔദ്യോഗിക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് തുടരും. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 1 ശനിയാഴ്ച ജില്ലാ കലക്ടര്‍ ഡി.ആര്.
മേഘശ്രീ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളേജുകള്‍ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
എങ്കിലും റസിഡന്‍ഷല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകള്‍ക്കും ഈ അവധി ബാധകമല്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
ഇത്തരത്തിലുള്ള അപകട മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശാനുസരണം ഉടൻ തന്നെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വസിക്കുന്നവരും അടിയന്തര സാഹചര്യം മുൻകൂട്ടി കണ്ട് അതീവ ജാഗ്രത പുലർത്തേണ്ടതും, അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

